പുതുവല്‍സരാഘോഷങ്ങള്‍ക്ക് വിലക്ക് ; രാജസ്ഥാനിലും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു

കോവിഡ് വ്യാപിക്കാനുള്ള സാധ്യത മുൻനിർത്തി കർണാടകയിലും രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിരുന്നു
കര്‍ഫ്യൂവിനെ തുടര്‍ന്ന് സുരക്ഷാസേന റോന്ത് ചുറ്റുന്നു/ ഫയല്‍ ചിത്രം
കര്‍ഫ്യൂവിനെ തുടര്‍ന്ന് സുരക്ഷാസേന റോന്ത് ചുറ്റുന്നു/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നത് കണക്കിലെടുത്ത് രാജസ്ഥാനിലും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. പുതുവല്‍സരാഘോഷങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കുക ലക്ഷ്യമിട്ടാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഡിസംബര്‍ 31 ന് രാത്രി എട്ടു മുതല്‍ ജനുവരി ഒന്ന് രാവിലെ ആറു വരെയാണ് നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

പുതുവല്‍സരാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനും രാജസ്ഥാന്‍ ആഭ്യന്തര വകുപ്പ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്തശേഷമാണ് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ജനിതകമാറ്റം സംഭവിച്ച കോവിഡ് വ്യാപിക്കാനുള്ള സാധ്യത മുൻനിർത്തി കർണാടകയിലും രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. ഇന്നു മുതൽ ജനുവരി രണ്ട് വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയത്. രാത്രി പത്ത് മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ. എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ അഭ്യർഥിച്ചു. 

രാത്രി പത്തിനു ശേഷം യാതൊരു പരിപാടികളും അനുവദിക്കില്ല. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കും ഇതു ബാധകമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യാന്തര വിമാന യാത്രക്കാരെ നിരീക്ഷിച്ചുവരികയാണെന്ന് ആരോഗ്യ മന്ത്രി ഡോ കെ സുധാകർ പറഞ്ഞു. എന്നാൽ സംസ്ഥാനാന്തര യാത്രകൾക്ക് നിയന്ത്രണങ്ങളൊന്നുമില്ല. ജനുവരി ഒന്നു മുതൽ 10, 12 ക്ലാസുകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച മുതൽ ജനുവരി 5 വരെ മഹാരാഷ്ട്രയിലും കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. രാത്രി 11 മുതൽ രാവിലെ 6 വരെയാണ് മഹാരാഷ്ട്രയിൽ കർഫ്യൂ.  ജനിതകമാറ്റം സംഭവിച്ച കോവിഡ് വ്യാപിക്കാനുള്ള സാധ്യത മുൻനിർത്തിയാണ് മഹാരാഷ്ട്ര സർക്കാരിന്റെ നടപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com