ചൈനയെ വെല്ലാന്‍ ബിഹാര്‍; കാടിനുള്ളില്‍ മൃഗങ്ങള്‍ നടക്കുന്നത് ക്യാമറയില്‍ പകര്‍ത്താം, ആകാശത്ത് ചില്ലുപാലം; വൈല്‍ഡ് ലൈഫ് സഫാരി പാര്‍ക്ക്

വിനോദ സഞ്ചാര ഭൂപടത്തില്‍ കൂടുതല്‍ ശ്രദ്ധ നേടാന്‍ ബിഹാര്‍ ഒരുങ്ങുന്നു
ചില്ലുപാലത്തിന്റെ നിര്‍മ്മാണം മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിലയിരുത്തുന്നു/ എഎന്‍ഐ ചിത്രം
ചില്ലുപാലത്തിന്റെ നിര്‍മ്മാണം മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിലയിരുത്തുന്നു/ എഎന്‍ഐ ചിത്രം

പട്‌ന: വിനോദ സഞ്ചാര ഭൂപടത്തില്‍ കൂടുതല്‍ ശ്രദ്ധ നേടാന്‍ ബിഹാര്‍ ഒരുങ്ങുന്നു. ചൈനയിലെ അമ്പരപ്പിക്കുന്ന നിര്‍മ്മിതിയായ ഹാങ്‌സുവിലേത് പോലെ ചില്ലു പാലം പൂര്‍ത്തിയായി. ഇതിന് പുറമേ ആഫ്രിക്കയിലെ മസായ്മാര ദേശീയോദ്യാനം പോലെ വൈല്‍ഡ് ലൈഫ് സഫാരി. മലേഷ്യയിലെ ജെന്‍ഡിങ്ങിലേതു പോലെ റോപ് വേ. ശലഭങ്ങളുടെ ഉദ്യാനം, ആയുര്‍വേദ പാര്‍ക്ക് എന്നിങ്ങനെ വമ്പന്‍ പദ്ധതിയാണ് ചരിത്ര പ്രസിദ്ധമായ നളന്ദയ്ക്കു സമീപം ഒരുങ്ങുന്നത്. അഞ്ഞൂറ് ഏക്കര്‍ വനപ്രദേശത്താണ് പരിസ്ഥിതി സൗഹൃദമായ ടൂറിസം പദ്ധതി. അറുപതു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

എണ്‍പത്തഞ്ച് അടിയാണ് ചില്ലു പാലത്തിന്റെ നീളം. ആറടി വീതിയില്‍ സ്റ്റീല്‍, സ്ഫടികം എന്നിവ ഉപയോഗിച്ചാണ് നിര്‍മാണം. ഒരേസമയം നാല്‍പതു പേര്‍ക്കു കയറി നില്‍ക്കാം. കാടിനുള്ളില്‍ മൃഗങ്ങള്‍ നടക്കുന്നതു 'ഡ്രോണ്‍ ചിത്രം' പോലെ ആസ്വദിക്കാം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം ഗ്ലാസ് ബ്രിജിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ നളന്ദ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത്. 

പട്‌നയില്‍ നിന്നു തൊണ്ണൂറ്റഞ്ചു കിലോമീറ്റര്‍  അകലെ വിശ്വവിഖ്യാതമായ നളന്ദ സര്‍വകലാശാലയുടെ സമീപത്തേക്കു ലോകത്തിന്റെ വിവിധ ഭാഗത്തുള്ള സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ബിഹാര്‍ ടൂറിസം വകുപ്പ്. ഗൗതമബുദ്ധനു ബോധോദയമുണ്ടായ ഗയയ്ക്കും പ്രശസ്തമായ രാജ്ഗിര്‍ വനമേഖലയ്ക്കും സമീപത്ത് 'അഞ്ച് കുന്നുകളുടെ' സമീപത്താണ് അദ്ഭുതക്കാഴ്ച ഒരുങ്ങുന്നത്. വനം, ആയുര്‍വേദം എന്നിവ പദ്ധതിയുമായി കോര്‍ത്തിണക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com