വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പേരും ഫോണ്‍ നമ്പറും പബ്ലിക്ക് ടോയ്‌ലറ്റ് ചുമരില്‍;  റേറ്റ് ചോദിച്ച് നിരന്തരം വിളി; അറസ്റ്റിലായത് അധ്യാപകന്‍!

വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പേരും ഫോണ്‍ നമ്പറും പബ്ലിക്ക് ടോയ്‌ലറ്റ് ചുമരില്‍;  റേറ്റ് ചോദിച്ച് നിരന്തരം വിളി; അറസ്റ്റിലായത് അധ്യാപകന്‍!
പ്രതീകാത്മക ചിത്രം/ഫയൽ
പ്രതീകാത്മക ചിത്രം/ഫയൽ

ബംഗളൂരു: വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പേരും ഫോണ്‍ നമ്പര്‍ പബ്ലിക്ക് ടോയ്‌ലറ്റില്‍ എഴുതി വച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ചിക്കമഗളൂരു ജില്ലയിലാണ് സംഭവം. അധ്യാപകനായ സതീഷ് സിഎം (33) ആണ് അറസ്റ്റിലായത്. 

അധ്യാപകനും വനിതാ പൊലീസ് ഉദ്യോഗസ്ഥയും ഒരുമിച്ച് പഠിച്ചവരാണ്. കഡുര്‍ ബസ് സ്റ്റാന്‍ഡിലുള്ള പുരുഷന്‍മാരുടെ മൂത്രപ്പുരയിലാണ് സതീഷ് വനിതാ ഉദ്യോഗസ്ഥയുടെ പേരും ഫോണ്‍ നമ്പറും മറ്റ് വിവരങ്ങളും എഴുതി വച്ചത്. ലൈംഗിക തൊഴിലാളിയെന്ന് വ്യക്തമാക്കിയാണ് അഡ്രസും ഫോണ്‍ നമ്പറും ഇയാള്‍ എഴുതി വച്ചത്. 

പിന്നീട് പൊലീസ് ഉദ്യോഗസ്ഥയുടെ ഫോണ്‍ നമ്പറിലേക്ക് റേറ്റ് ചോദിച്ച് നിരന്തരം പലരും വിളിക്കാന്‍ തുടങ്ങി. വിളിക്കുന്നവരെല്ലാം ലൈംഗിക ചുവയോടെ സംസാരിക്കുന്നതടക്കം ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ പരാതി നല്‍കി. 

ഇതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥയും ഭര്‍ത്താവും സ്വകാര്യ യാത്രയ്ക്കായി കഡുര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കുന്നത്. മൂത്രപ്പുരയില്‍ കയറിയ ഭര്‍ത്താവാണ് ചുമരില്‍ ഭാര്യയുടെ ഫോണ്‍ നമ്പര്‍ അടക്കം ലൈംഗിക തൊഴിലാളി എന്ന രീതിയില്‍ എഴുതി വച്ചത് കണ്ടത്. 

2006-07 കാലത്ത് തന്റെ കൂടെ പഠിച്ച സതീഷ് കുമാറിന്റെ കൈയക്ഷരമാണിതെന്ന് 32കാരിയായ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് മനസിലായി. ഇരുവരും 2017 മുതല്‍ ക്ലാസ് മേറ്റ്‌സിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നു. പിന്നീട് സതീഷ് നിരന്തരം പൊലീസ് ഉദ്യോഗസ്ഥയെ വിളിക്കാനും മെസേജ് ചെയ്യാനും ആരംഭിച്ചു. ശല്യം കൂടിയതോടെ പൊലീസ് ഉദ്യോഗസ്ഥ ഇയാളുടെ ഫോണ്‍ എടുക്കാതെ ആയി. 

പിന്നാലെ സതീഷ് യുവതിയെ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കി. മറ്റ് അഡ്മിന്‍മാര്‍ അവരെ തിരികെ ഗ്രൂപ്പില്‍ ആഡ് ചെയ്‌തെങ്കിലും സതീഷ് വീണ്ടും പൊലീസ് ഉദ്യോഗസ്ഥയെ ഗ്രൂപ്പില്‍ നിന്ന് റിമൂവ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പിന്നീട് ഇരുവരും തമ്മില്‍ ഫോണിലൂടെ തര്‍ക്കമുണ്ടായി. ഇതിനെ തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥയെ അപമാനിക്കാനായി ഫോണ്‍ നമ്പറടക്കമുള്ളവ പൊതു ടോയ്‌ലറ്റില്‍ കുറിച്ചിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com