'മോദി ജനങ്ങളെ ഒറ്റിയ സ്വേച്ഛാധിപതി';കര്‍ഷക സമരത്തിന് പിന്തുണയുമായി എത്തിയ അഭിഭാഷകന്‍ ആത്മഹത്യ ചെയ്തു

കര്‍ഷകര്‍ക്ക് പിന്തുണയുമായി പഞ്ചാബില്‍ നിന്നെത്തിയ അഭിഭാഷകന്‍ ആത്മഹത്യ ചെയ്തു.
കര്‍ഷക പ്രക്ഷോഭം/ പിടിഐ
കര്‍ഷക പ്രക്ഷോഭം/ പിടിഐ


ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് പിന്തുണയുമായി പഞ്ചാബില്‍ നിന്നെത്തിയ അഭിഭാഷകന്‍ ആത്മഹത്യ ചെയ്തു. അമര്‍ജീത് സിങ് എന്നയാളാണ് ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ തിക്രിയില്‍ വെച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ കത്ത് ഇയാളുടെ പോക്കറ്റില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. 'മോദി സ്വേച്ഛാധിപതിയാണ്' എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. 

സമരത്തിന് വേണ്ടി താന്‍ ജീവത്യാഗം ചെയ്യുകയാണ് എന്നും കത്തില്‍ പറയുന്നു. ഡിസംബര്‍ പതിനെട്ടിന് ടൈപ്പ് ചെയ്ത കത്തില്‍ അഭിഭാഷകന്റെ ഒപ്പു പതിച്ചിട്ടുണ്ട്. 

'തങ്ങളുടെ ജീവന് സംരക്ഷണം നല്‍കാനാണ് വന്‍ ഭൂരിപക്ഷത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ നിങ്ങളെ വിജയിപ്പിച്ചത്. എന്നാല്‍ അംബാനി, അദാനി തുടങ്ങിയ പ്രത്യേക ഗ്രൂപ്പുകളുടെ പ്രധാനമന്ത്രിയായി നിങ്ങള്‍ മാറിയെന്ന് ഞാന്‍ വളരെ ദുഖത്തോടും വേദനയോടും കൂടിയാണ് എഴുതുന്നത്'

'കര്‍ഷകരും തൊഴിലാളികളുമായ സാധാരണക്കാര്‍ നിങ്ങളുടെ മൂന്ന് കരി നിയമങ്ങള്‍ കൊണ്ട് ഏറ്റവും ദുരിത പൂര്‍മായ ജീവിതത്തിലേക്ക് തള്ളിയിടപ്പെട്ടു. പൊതുജനങ്ങള്‍ റെയില്‍വെ ട്രാക്കുകളിലും റോഡുകളിലും സമരം ചെയ്യുന്നത് വോട്ടിന് വേണ്ടിയല്ല, അവരുടെയും കുടുംബത്തിന്റെയും ഉപജീവന മാര്‍ഗത്തിന് വേണ്ടിയാണ്. രാജ്യത്തെ ജനങ്ങളെ ഒറ്റിക്കൊടുക്കുകയാണ് നിങ്ങള്‍ ചെയ്തത്'- കത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com