പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കയ്യില്‍ പിടിച്ചുള്ള 'പ്രണയാഭ്യര്‍ത്ഥന' ലൈംഗിക കുറ്റമല്ല : ഹൈക്കോടതി

അവിചാരിതമായോ, ദുരുദ്ദേശമില്ലാതെയോ ഒരാള്‍ കയ്യില്‍ പിടിച്ചാല്‍ അത് പോക്‌സോ വകുപ്പ് ചുമത്താവുന്ന കുറ്റമല്ലെന്ന് കോടതി

മുംബൈ : ലൈംഗിക ചൂഷണം എന്ന ദുരുദ്ദേശമില്ലാതെ ഒരാള്‍ കൈയില്‍ പിടിച്ച് പ്രണയാഭ്യര്‍ത്ഥന നടത്തിയാല്‍ അത് ലൈംഗിക പീഡനമാകില്ലെന്ന് ഹൈക്കോടതി. ഒരു പോക്‌സോ കേസ് പരിഗണിക്കുന്നതിനിടെയാണ് ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ നിരീക്ഷണം. 

അവിചാരിതമായോ, ദുരുദ്ദേശമില്ലാതെയോ ഒരാള്‍ കയ്യില്‍ പിടിച്ചാല്‍ അത് പോക്‌സോ വകുപ്പ് ചുമത്താവുന്ന കുറ്റമല്ലെന്ന് കോടതി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ബരാമതിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിന് പോക്‌സോ വകുപ്പ് പ്രകാരം ജയിലിലായ 27 കാരന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. 

17 കാരിയായ പെണ്‍കുട്ടി ട്യൂഷന്‍ ക്ലാസ്സില്‍ പോകുന്നതിനിടെ വഴിയില്‍ തടഞ്ഞ് ഇയാള്‍ പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചു. തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയുടെ കയ്യില്‍ പിടിച്ച് പ്രണയാഭ്യര്‍ത്ഥന ആവര്‍ത്തിച്ചു. ഭയന്നുപോയ പെണ്‍കുട്ടി അയാളില്‍ നിന്നും കൈ വലിച്ച് രക്ഷപ്പെട്ടു. 

തുടര്‍ന്ന് ഇക്കാര്യം പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ട് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിരപ്പെടുത്താന്‍ തുടങ്ങി. കൂടാതെ നിരന്തരം സന്ദേശങ്ങളും അയക്കാന്‍ തുടങ്ങി. പെണ്‍കുട്ടിയുടെ പേരില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എടുത്ത് ഇയാള്‍ കുട്ടിയുടെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനും ആരംഭിച്ചു. 

ഇതിനു പിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് വിഷയത്തില്‍ ഇടപെട്ടതോടെ, മേലില്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കില്ലെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. എന്നാല്‍ മാസങ്ങളോളം പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം തുടര്‍ന്നതോടെ, പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബാരാമതി പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.

തന്നെ തുറിച്ചു നോക്കി അപമാനിക്കുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നതായി കോടതി വ്യക്തമാക്കി. തന്റെ കക്ഷി സ്‌നേഹം അറിയിച്ചതാണെന്നും, ലൈംഗികമായി ഉപദ്രവിക്കാനുള്ള ദുരുദ്ദേശമുണ്ടായിരുന്നില്ലെന്നും യുവാവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അപ്പോഴാണ് ലൈംഗിക ഉദ്ദേശത്തോടെ കടന്നുപിടിക്കുകയോ, മറ്റൊരാളുടെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയോ ചെയ്യുമ്പോഴാണ് പോക്‌സോ വകുപ്പിന് സാധുതയുള്ളൂവെന്ന് കോടതി നിരീക്ഷിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com