തമിഴരുടെ ഹൃദയം തകര്‍ന്നെന്ന് ഖുശ്ബു; രജനിയുടെ തീരുമാനം നിരാശജനകമെന്ന് കമല്‍ഹാസന്‍

തമിഴരുടെ ഹൃദയം തകര്‍ക്കുന്ന തീരുമാനമാണ് രജനി സാറിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ഖുശ്ബു
ഖുശ്ബു കമല്‍ഹാസന്‍ ചിത്രം ഫെയ്‌സ്ബുക്ക്‌
ഖുശ്ബു കമല്‍ഹാസന്‍ ചിത്രം ഫെയ്‌സ്ബുക്ക്‌

ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്നും  രജനീകാന്ത്‌ പിന്‍മാറിയതിനെതിരെ കമല്‍ഹാസനും ഖുശ്ബുവും.  രജനീകാന്തിന്റെ നടപടി നിരാശജനകമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. വേദനാജനകമെന്നായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. രാഷ്ട്രീയ പാര്‍ട്ടി തീരുമാനത്തില്‍ നിന്ന് പിന്‍മാറിയ രജനിയുടെ തീരുമാനം നിരാശജനകമാണ്. ചെന്നൈയില്‍ എത്തിയാല്‍ ഉടന്‍ രജനീകാന്തിനെ കാണുമെന്നും കമല്‍ പറഞ്ഞു.

തമിഴരുടെ ഹൃദയം തകര്‍ക്കുന്ന തീരുമാനമാണ് രജനി സാറിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ഖുശ്ബു പറഞ്ഞു. താങ്കളുടെ ആരോഗ്യമാണ് പ്രധാനം. നിങ്ങള്‍ എടുക്കുന്ന ഏത് തീരുമാനത്തിനും ഒപ്പം നില്‍ക്കുമെന്നും ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു. 

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന്  പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്‍മാറുന്നതായി രജനീകാന്ത്് അറിയിച്ചിരുന്നു. പാര്‍ട്ടി പ്രഖ്യാപിക്കുന്ന തീയതി ഈ മാസം 31 ന് അറിയിക്കുമെന്നായിരുന്നു രജനികാന്ത് നേരത്തെ അറിയിച്ചിരുന്നത്.

120 പേര്‍ മാത്രമുള്ള ഒരു ഷൂട്ടിങ് സൈറ്റില്‍ കോവിഡ് പടര്‍ന്നതിനേ തുടര്‍ന്ന് അതിന്റെ പ്രശ്നം നേരിടേണ്ടിവന്ന തനിക്ക് എങ്ങനെയാണ് ലക്ഷക്കണക്കിനാളുകളുള്ള ഒരിടത്തേക്ക് ഇറങ്ങിച്ചെന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സാധിക്കുക എന്ന ചോദ്യം അദ്ദേഹം കുറിപ്പിലൂടെ ചോദിക്കുന്നു. പാര്‍ട്ടി പ്രഖ്യാപിക്കാതെ തന്നെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ എങ്ങനെ കഴിയുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറയുന്നു. 

നേരത്തെ അണ്ണാതെ സിനിമയുടെ ഷൂട്ടിങ്ങിനിടെ രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെത്തുടര്‍ന്ന് ഹൈദരാബാദില്‍ അദ്ദേഹം ചികിത്സ തേടിയിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടുവെങ്കിലും രജനി ആരോഗ്യം ശ്രദ്ധിക്കണം എന്ന നിര്‍ദേശമാണ് ഡോക്ടര്‍മാര്‍ നല്‍കിയത്. ഒരാഴ്ച പൂര്‍ണമായും ബെഡ് റെസ്റ്റ്, ടെന്‍ഷന്‍ വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം, കോവിഡ് പകരാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കണം എന്നും ഡോക്ടര്‍മാര്‍ താരത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കുറച്ച് വര്‍ഷം മുന്‍പ് കിഡ്നി മാറ്റിവെച്ച സാഹചര്യം കൂടി പരിഗണിച്ചാണ് നിര്‍ദേശം. ഇതോടെ രജനിയുടെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com