മണ്ഡികള്‍ക്ക് പുറത്ത് വില്‍പന; മധ്യപ്രദേശില്‍ കര്‍ഷകരില്‍ നിന്ന് വ്യാപാരികള്‍ അഞ്ചുകോടി തട്ടി, പരാതി

മധ്യപ്രദേശില്‍ കര്‍ഷകരെ വഞ്ചിച്ച് വ്യാപാരികള്‍ അഞ്ചുകോടിയുടെ കാര്‍ഷിക വിളകള്‍ തട്ടിയെടുത്തതായി പരാതി
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍നിന്ന്/പിടിഐ
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍നിന്ന്/പിടിഐ

ഭോപ്പാല്‍: മധ്യപ്രദേശില്‍ കര്‍ഷകരെ വഞ്ചിച്ച് വ്യാപാരികള്‍ അഞ്ചുകോടിയുടെ കാര്‍ഷിക വിളകള്‍ തട്ടിയെടുത്തതായി പരാതി. നാല് ജില്ലകളില്‍ നിന്നുള്ള 150ഓളം കര്‍ഷകരുടെ 2600 ക്വിന്റലോളം കാര്‍ഷിക വിളകളാണ് വണ്ടിച്ചെക്ക് നല്‍കി വ്യാപാരികള്‍ തട്ടിയെടുത്തത്. മണ്ഡികള്‍ക്ക് പുറത്ത് വില്‍പ്പന നടത്തിയ കര്‍ഷകരാണ് വഞ്ചിതരായത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും കൃഷിമന്ത്രി കമല്‍ പട്ടേലിന്റെയും ജില്ലകളില്‍ നിന്നുള്ളവരാണ് വഞ്ചിതരായ കര്‍ഷകരില്‍ ഭൂരിഭാഗവുമെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. 

വിഷയത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.  കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പുതിയ കാര്‍ഷിക നിയമങ്ങളുടെ ചുവടുപിടിച്ച് മണ്ഡികള്‍ക്ക് പുറത്ത് വില്‍പന നടത്തുന്നതിനുള്ള നിയന്ത്രണം സംസ്ഥാന സര്‍ക്കാര്‍ ഇളവ് ചെയ്തതോടെയാണ് ഇത്തരത്തിലുള്ള കച്ചവടത്തിന് വഴിയൊരുങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

കാലാവധി കഴിഞ്ഞ ലൈസന്‍സ് ഉപയോഗിച്ചാണ് ഈ വ്യാപാരികള്‍ കര്‍ഷകരുമായി കച്ചവടം നടത്തിയത്. വിളകളുടെ വിലയായി നല്‍കിയ ചെക്കുകള്‍ ബാങ്കുകള്‍ മടക്കിയതോടെയാണ് വഞ്ചിതരായ വിവരം കര്‍ഷകര്‍ മനസ്സിലാക്കിയത്. തുടര്‍ന്ന് മണ്ഡികളില്‍ ബന്ധപ്പെട്ടപ്പോള്‍ ഈ വ്യാപാരികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്ന് മനസ്സിലായി. വ്യാജ വിലാസമാണ് വ്യാപാരികള്‍ നല്‍കിയിരുന്നത്. ഇവരെ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണെന്ന് കര്‍ഷകര്‍ പറയുന്നു. 

വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പറ്റിക്കപ്പെട്ടവര്‍ക്ക് പണം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. ഡല്‍ഹിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍, കേന്ദ്രസര്‍ക്കാരുമായി കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ മധ്യപ്രദേശിലെ കര്‍ഷകര്‍ തട്ടിപ്പിനിരയായ സംഭം ചൂണ്ടിക്കാട്ടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com