രാജ്യത്ത് അഞ്ചുപേര്‍ക്ക് കൂടി അതിവേഗ വൈറസ് ; ജനിതക വകഭേദം വന്ന വൈറസ് ബാധിതരുടെ എണ്ണം 25 ആയി ; കര്‍ശന ജാഗ്രത

പുതുവല്‍സര ദിനാഘോഷം കണക്കിലെടുത്ത് കര്‍ശന ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി
കോവിഡ് പരിശോധന / ഫയല്‍ ചിത്രം
കോവിഡ് പരിശോധന / ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : രാജ്യത്ത് അഞ്ചുപേര്‍ക്ക് കൂടി അതിവേഗ വൈറസ് ബാധ സ്ഥിരീകരിച്ചു. നാലെണ്ണം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലും ഒരെണ്ണം ഡല്‍ഹിയില്‍ നടത്തിയ പരിശോധനയിലുമാണ് കണ്ടെത്തിയത്. 

ഇതോടെ ജനിതക വകഭേദം വന്ന, ബ്രിട്ടനില്‍ പടരുന്ന അതിവേഗ കോവിഡ് വൈറസ് ബാധിച്ച ഇന്ത്യാക്കാരുടെ എണ്ണം 25 ആയി ഉയര്‍ന്നു. ബ്രിട്ടനില്‍ നിന്നും ഉത്തര്‍പ്രദേശില്‍ എത്തിയ രണ്ടുപേര്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് ബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇവരുടെ സ്രവ സാംപിള്‍ കൂടുതല്‍ വിശദ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ബ്രിട്ടനില്‍ നിന്നും മടങ്ങിയെത്തിയ ഡല്‍ഹിക്ക് സമീപം ഗുരുഗ്രാം സ്വദേശിയായ 22 കാരനിലും പുതിയ വൈറസ് കണ്ടെത്തിയതായി സൂചനയുണ്ട്. തുടര്‍ന്ന് ഇയാളുടെ സ്രവവും ജീനോം സീക്വന്‍സിങ്ങിന് അയച്ചിരിക്കുകയാണ്. പുതുവല്‍സര ദിനാഘോഷം കണക്കിലെടുത്ത് കര്‍ശന ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.

അതിനിടെ കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഉടന്‍ തന്നെ അനുമതി ലഭിച്ചേക്കുമെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ആസ്ട്രസെനക്ക വാക്‌സിന് ബ്രിട്ടന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യയിലും വാക്‌സിന്റെ പരിശോധനകള്‍ അന്തിമഘട്ടത്തിലാണെന്ന് ഡോ. ഗുലേറിയ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com