കൂടുതല്‍ സംസ്ഥാനങ്ങളില്‍ രാത്രി കര്‍ഫ്യൂ, മെട്രോ നഗരങ്ങളില്‍ കര്‍ശന സുരക്ഷ, പുതുവര്‍ഷാഘോഷങ്ങളില്‍ അതീവ ജാഗ്രത

കേരളം, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളും പുതുവല്‍സരാഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്
പൊലീസ് സുരക്ഷ / ഫയല്‍ ചിത്രം
പൊലീസ് സുരക്ഷ / ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : ജനിതക വകഭേദം വന്ന അതി തീവ്ര വൈറസ് വ്യാപിക്കുന്നത് കണക്കിലെടുത്ത്, പുതുവല്‍സരാഘോഷങ്ങളില്‍ രാജ്യത്ത് കൂടുതല്‍ സംസ്ഥാനങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, രാജസ്ഥാന്‍, ഒഡീഷ, പശ്ചിമബംഗാള്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. 

രാത്രി 10 മുതല്‍ രാവിലെ ആറു വരെയാണ് കര്‍ഫ്യൂ. പ്രമുഖ മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പുതുവല്‍സരാഘോഷത്തിന് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും, രാത്രി 11 ന് ശേഷം ഒരു പരിപാടിയും സംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. 

നിശാപാര്‍ട്ടികള്‍, പുതുവല്‍സരാഘോഷ പരിപാടികള്‍ തുടങ്ങിയവക്ക് വിലക്കുണ്ട്. ഡിസംബര്‍ 31 മുതല്‍ ജനുവരി 2 രാവിലെ ആറു വരെയാണ് ഡല്‍ഹിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പുതുവല്‍സരാഘോഷത്തിന്റെ പേരില്‍ കൂട്ടംചേരലുകള്‍ പാടില്ലെന്ന് മുംബൈ പൊലീസ് അറിയിച്ചു. മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുംബൈ പൊലീസ് മേധാവി അറിയിച്ചു. 

ബംഗലൂരു, ഹൈദരാബാദ്, ചെന്നൈ, ചണ്ഡീഗഡ് തുടങ്ങിയ നഗരങ്ങളിലും പുതുവല്‍സരാഘോഷങ്ങ പാര്‍ട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് മാര്‍ഗനിര്‍ദേശം പാലിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി എടുക്കുമെന്നും മുന്നറിയിപ്പുണ്ട്. കേരളം, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളും പുതുവല്‍സരാഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com