രജനീകാന്ത് തീരുമാനം പിന്‍വലിക്കണം; സ്വയം തീ കൊളുത്തിയ ആരാധകന്‍ ഗുരുതരാവസ്ഥയില്‍

രാഷ്ട്രീയപാര്‍ട്ടി രൂപികരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് രജനീകാന്ത് പിന്‍വാങ്ങിയതോടെ ആരാധകന്‍ സ്വയം തീകൊളുത്തി
രജനീകാന്ത് തീരുമാനം പിന്‍വലിക്കണം; സ്വയം തീ കൊളുത്തിയ ആരാധകന്‍ ഗുരുതരാവസ്ഥയില്‍

ചെന്നൈ: രാഷ്ട്രീയപാര്‍ട്ടി രൂപികരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് രജനീകാന്ത് പിന്‍വാങ്ങിയതോടെ ആരാധകന്‍ സ്വയം തീകൊളുത്തി. രജനീകാന്തിന്റെ വീടിന് മുന്നില്‍വച്ചാണ് തീ കൊളുത്തിയത്. ചെന്നൈ സ്വദേശിയായ മുരുകേശനാണ് തീ കൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണെന്നായിരുന്നു വിശദീകരണം. കടുത്ത നിരാശയോടെ തീരുമാനം അറിയിക്കുന്നുവെന്നും രജനീകാന്ത് അറിയിച്ചു. എന്നോട് നിങ്ങള്‍ ക്ഷമിക്കുക എന്ന് ട്വിറ്ററില്‍ പങ്കുവെച്ച് കുറിപ്പില്‍ അദ്ദേഹം ജനങ്ങളോട് പറഞ്ഞു. പാര്‍ട്ടി പ്രഖ്യാപിക്കുന്ന തീയതി ഈ മാസം 31 ന് അറിയിക്കുമെന്നായിരുന്നു രജനികാന്ത് നേരത്തെ അറിയിച്ചിരുന്നത്.

ആരോഗ്യസ്ഥിതിയില്‍ പ്രശ്നമുണ്ടെന്ന് രജനി കാന്ത് അറിയിച്ചു. 120 പേര്‍ മാത്രമുള്ള ഒരു ഷൂട്ടിങ് സൈറ്റില്‍ കോവിഡ് പടര്‍ന്നതിനേ തുടര്‍ന്ന് അതിന്റെ പ്രശ്നം നേരിടേണ്ടിവന്ന തനിക്ക് എങ്ങനെയാണ് ലക്ഷക്കണക്കിനാളുകളുള്ള ഒരിടത്തേക്ക് ഇറങ്ങിച്ചെന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സാധിക്കുക എന്ന ചോദ്യം അദ്ദേഹം കുറിപ്പിലൂടെ ചോദിക്കുന്നു. പാര്‍ട്ടി പ്രഖ്യാപിക്കാതെ തന്നെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ എങ്ങനെ കഴിയുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറയുന്നു.

നേരത്തെ അണ്ണാതെ സിനിമയുടെ ഷൂട്ടിങ്ങിനിടെ രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെത്തുടര്‍ന്ന് ഹൈദരാബാദില്‍ അദ്ദേഹം ചികിത്സ തേടിയിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടുവെങ്കിലും രജനി ആരോഗ്യം ശ്രദ്ധിക്കണം എന്ന നിര്‍ദേശമാണ് ഡോക്ടര്‍മാര്‍ നല്‍കിയത്. ഒരാഴ്ച പൂര്‍ണമായും ബെഡ് റെസ്റ്റ്, ടെന്‍ഷന്‍ വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം, കോവിഡ് പകരാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കണം എന്നും ഡോക്ടര്‍മാര്‍ താരത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കുറച്ച് വര്‍ഷം മുന്‍പ് കിഡ്നി മാറ്റിവെച്ച സാഹചര്യം കൂടി പരിഗണിച്ചാണ് നിര്‍ദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com