'കൊറോണ വൈറസിനെ പാട്ടുപാടിയും നൃത്തം ചെയ്തും തോല്‍പ്പിക്കും'; ഐസൊലേഷന്‍ ക്യാമ്പില്‍ ആവേശത്തോടെ യുവാക്കള്‍ ( വീഡിയോ)

ഐസൊലേഷന്‍ ക്യാമ്പില്‍ നൃത്തം ചെയ്ത് വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാര്‍
'കൊറോണ വൈറസിനെ പാട്ടുപാടിയും നൃത്തം ചെയ്തും തോല്‍പ്പിക്കും'; ഐസൊലേഷന്‍ ക്യാമ്പില്‍ ആവേശത്തോടെ യുവാക്കള്‍ ( വീഡിയോ)

ന്യൂഡല്‍ഹി: ഐസൊലേഷന്‍ ക്യാമ്പില്‍ നൃത്തം ചെയ്ത് വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാര്‍. ഡല്‍ഹിക്ക് സമീപമുള്ള മനേസാര്‍ ക്യാമ്പില്‍ മാസ്‌ക് ധരിച്ച് പാട്ടുപാടി നൃത്തം ചെയ്യുന്ന ഒരു സംഘം പുരുഷന്മാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. പുറംലോകവുമായി ബന്ധമില്ലാതെ കഴിയുമ്പോഴും, തങ്ങളുടെ ആവേശത്തെ കെട്ടടങ്ങാന്‍ അനുവദിക്കില്ലെന്ന് വിളിച്ചുപറയുകയാണ് വീഡിയോയിലൂടെ.

കൊറോണ വൈറസിനെ കുറിച്ചുള്ള ഭീതി മനസ്സിനെ തളര്‍ത്താതിരിക്കാന്‍ വിദ്യാര്‍ഥികള്‍ കണ്ടെത്തിയ മാര്‍ഗമാണ് ക്യാമ്പിനകത്തെ പാട്ടും നൃത്തവും. 'കൊറോണ വൈറസ് ഹരിയാന്‍വി ഈണത്തിന് അനുസരിച്ച് നൃത്തം ചെയ്യുന്നു. ഇന്ത്യന്‍ സൈന്യം നിര്‍മിച്ച ഹരിയാനയിലെ മനേസാറിലെ കൊറോണ വൈറസ് ഐസൊലേഷന്‍ ക്യാമ്പില്‍ ചൈനയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ച ഉത്സാഹികളായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കണ്ടതില്‍ സന്തോഷമുണ്ട്.'-ബിജെപി അംഗമായ മേജര്‍ സുരേന്ദ്ര പൂന വീഡിയോ പങ്കുവെച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചു. 

എയര്‍ ഇന്ത്യ വക്താവ് ധന്‍ജയ് കുമാര്‍ ഉള്‍പ്പടെ നിരവധി പേര്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 'ഇതാണ് ഇന്ത്യന്‍ യുവത്വത്തിന്റെ മനോഭാവം, ഇങ്ങനെയായിരിക്കണം നാം.' -തുടങ്ങി നിരവധി പോസറ്റീവ് കമന്റുകളാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. 

മനേസാറില്‍ പ്രത്യേകം സജ്ജമാക്കിയ ക്യാമ്പില്‍ 300 പേരെയാണ് ക്വാറെണ്ടെയിന്‍ ചെയ്തിരിക്കുന്നത്. കൊറോണ പടര്‍ന്നുപിടിക്കാതിരിക്കാന്‍ ക്യാമ്പിനെ 50 വിദ്യാര്‍ഥികള്‍ അടങ്ങുന്ന സെക്ടറുകളാക്കി തിരിച്ചിട്ടുണ്ട്. ഇവയില്‍ ഓരോ സെക്ടറുകളും വീണ്ടും വിഭജിച്ചിട്ടുണ്ട്. വിവിധ സെക്ടറുകളില്‍ കഴിയുന്നവര്‍ക്ക് ഒന്നിച്ച് ഇടപഴകാനുള്ള അനുവാദമില്ല. 

മൂന്നുപാളികളുള്ള മാസ്‌ക് ധരിക്കാന്‍ ഇവര്‍ക്ക് നിര്‍ദേശമുണ്ട്. ഇതിനുപുറമേ നിത്യവും വൈദ്യ പരിശോധനയ്ക്ക് വിധേയമാവുകയും വേണം. 14 ദിവസത്തിന് ശേഷവും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കില്‍ ഇവര്‍ക്ക് വീട്ടിലേക്ക് മടങ്ങാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com