ചൈനയില്‍ നിന്നും എല്ലാവരെയും തിരിച്ചെത്തിക്കും ; കൊറോണ നേരിടാന്‍ കേന്ദ്രസര്‍ക്കാരിന്റെ കര്‍മ്മ സമിതി

സന്ദര്‍ശനം നടത്തുന്നതിന് ചൈനീസ് പൗരന്മാര്‍ക്ക് ഇ-വിസ അനുവദിക്കുന്നത് ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു
ചൈനയില്‍ നിന്നും എല്ലാവരെയും തിരിച്ചെത്തിക്കും ; കൊറോണ നേരിടാന്‍ കേന്ദ്രസര്‍ക്കാരിന്റെ കര്‍മ്മ സമിതി


ന്യൂഡല്‍ഹി : കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന ചൈനയില്‍ നിന്നും നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും ഇന്ത്യയിലെത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ എംബസ്സിയുമായി ബന്ധപ്പെടണമെന്നും കേന്ദ്ര ആഭ്യന്തരസഹമന്ത്രി ജി കിഷന്‍ റെഡ്ഡി അറിയിച്ചു.

കൊറോണ ബാധ നേരിടാന്‍ അടിയന്തര നടപടികള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ കര്‍മ്മസമിതി രൂപീകരിച്ചു. കേന്ദ്രആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍, വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി, വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി തുടങ്ങിയ മന്ത്രിമാര്‍ സമിതിയിലുണ്ട്. ആഭ്യന്തരവകുപ്പിനെ പ്രതിനിധീകരിച്ച് സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയും സമിതിയില്‍ അംഗമായിരിക്കും.

കര്‍മ്മസമിതിയുടെ ആദ്യ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതായി മന്ത്രി കിഷന്‍ റെഡ്ഡി പറഞ്ഞു. വൈറസ് ബാധ തടയാന്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ യോഗം ചര്‍ച്ച ചെയ്തതായും അദ്ദേഹം അറിയിച്ചു. കേരളത്തില്‍ മൂന്നാമത്തെ കൊറോണയും കേരളത്തില്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ കര്‍മ്മസമിതിക്ക് രൂപം നല്‍കിയിട്ടുള്ളത്.

ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നതിന് ചൈനീസ് പൗരന്മാര്‍ക്ക് ഇ-വിസ അനുവദിക്കുന്നത് ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. നിലവില്‍ അനുമതി നല്‍കിയവരുടെ വിസ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.  കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 361 ആയി ഉയര്‍ന്നു. 2,829 പേര്‍ക്കു കൂടി വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 17,205 ആയി. നിലവില്‍ 25 രാജ്യങ്ങളിലുള്ളവര്‍ക്കാണ് കൊറോണ രോഗം ബാധിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com