ഡല്‍ഹി എഎപി തൂത്തുവാരും; അറുപത് സീറ്റ് വരെ നേടുമെന്ന് അഭിപ്രായ സര്‍വേ

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ആം ആദ്മി പാര്‍ട്ടി തൂത്തുവാരുമെന്ന് അഭിപ്രായ സര്‍വേ പ്രവചനം
എഎപിയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന അരവിന്ദ് കെജരിവാള്‍/ ചിത്രം: ട്വിറ്റര്‍
എഎപിയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന അരവിന്ദ് കെജരിവാള്‍/ ചിത്രം: ട്വിറ്റര്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ആം ആദ്മി പാര്‍ട്ടി തൂത്തുവാരുമെന്ന് അഭിപ്രായ സര്‍വേ പ്രവചനം. 54മുതല്‍ 60വരെ സീറ്റ് നേടി എഎപി അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ നടത്തിയ സര്‍വെയിലാണ് പ്രവചിക്കുന്നത്. എഴുപത് സീറ്റാണ് ഡല്‍ഹി നിയമസഭയിലുള്ളത്. 

ബിജെപി 10മുതല്‍ 14വരെ സീറ്റ് നേടുമെന്നും കോണ്‍ഗ്രസ് രണ്ട് സീറ്റിലൊതുങ്ങുമെന്നും സര്‍വേ പ്രവചിക്കുന്നു. എഎപിക്ക് 52 ശതമാനം വോട്ടും ബിജെപിക്ക് 34 ശതമാനം വോട്ടും കോണ്‍ഗ്രസിന് നാല് ശതമാനവുമാണ് സര്‍വേ പ്രവചിക്കുന്നത്. 

പക്ഷേ ഇപ്പോള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്നാല്‍ 2019ലെ പോലെ ബിജെപി ഏഴ് സീറ്റിലും വിജയിക്കുമെന്നും സര്‍വേ പറയുന്നു. 2015ല്‍ നിന്നും 2020ലേക്ക് എത്തുമ്പോള്‍ എഎപിയുടെ വോട്ട് ശതമാനത്തില്‍ കുറവ് സംഭവിക്കുമെന്നും ബിജെപിയുടേതില്‍ വര്‍ധനയുണ്ടാകുമെന്നും സര്‍വേ പ്രചവചിക്കുന്നു. 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 46ശതമാനമായിരുന്നു വോട്ട് ഷെയര്‍. എഎപിക്ക് 38ശതമാനവും. സര്‍വേയില്‍ പങ്കെടുത്ത 71ശതമാനം പേരും പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരാണ്. ഷഹീന്‍ബാഗ് സമരത്തിനോട് 52ശതമാനം പേരാണ് വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ഫെബ്രുവരി എട്ടിനാണ് സംസ്ഥാനം പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്. 2015ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 70ല്‍ 67സീറ്റും  തൂത്തുവാരിയാണ് അരവിന്ദ് കെജരിവാള്‍ അധികാരത്തിലെത്തിയത്. ബിജെപി മൂന്നു സീറ്റില്‍ ഒതുങ്ങിയപ്പോള്‍ കോണ്‍ഗ്രസ് കളത്തിന് പുറത്തായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com