പൗരത്വ നിയമത്തിന് പിന്നാലെ വാഗാ അതിര്‍ത്തി കടന്ന് പാക് ഹിന്ദുക്കളുടെ ഒഴുക്ക്, തിങ്കളാഴ്ച മാത്രം എത്തിയത് 200 പേര്‍

ഇതില്‍ നിരവധിപ്പേര്‍ പാകിസ്ഥാനിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കാത്തവരാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു
പൗരത്വ നിയമത്തിന് പിന്നാലെ വാഗാ അതിര്‍ത്തി കടന്ന് പാക് ഹിന്ദുക്കളുടെ ഒഴുക്ക്, തിങ്കളാഴ്ച മാത്രം എത്തിയത് 200 പേര്‍

അമൃത്സര്‍: തിങ്കളാഴ്ച മാത്രം അട്ടാരി- വാഗാ അതിര്‍ത്തി കടന്ന് 200 പാകിസ്ഥാനി ഹിന്ദുക്കള്‍ ഇന്ത്യയില്‍ എത്തിയതായി റിപ്പോര്‍ട്ട്. ഇതില്‍ നിരവധിപ്പേര്‍ പാകിസ്ഥാനിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കാത്തവരാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

സന്ദര്‍ശക വിസയിലാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയത്. പാകിസ്ഥാനില്‍ ഇനിയും തുടരുന്നത് സുരക്ഷിതമല്ല എന്ന് വാദിക്കുന്ന പാകിസ്ഥാനി ഹിന്ദുക്കള്‍ ഇന്ത്യയില്‍ പൗരത്വം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. പൗരത്വ നിയമ ഭേദഗതിയെ തുടര്‍ന്ന് ഇന്ത്യയില്‍ അഭയം തേടി എത്തുന്ന പാകിസ്ഥാനി ഹിന്ദുക്കളുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു മാസമായി വര്‍ധന ഉണ്ടായിട്ടുണ്ടെന്നും അതിര്‍ത്തിയില്‍ സുരക്ഷാ ചുമതല വഹിക്കുന്നവര്‍ പറയുന്നു.

പാകിസ്താനിലെ സിന്ധ് - കറാച്ചി പ്രവിശ്യയില്‍ നിന്നുളളവരാണ് ഇവരില്‍ ഭൂരിഭാഗവും.വലിയ ലഗേജുകളുമായിട്ടാണ് ഇവരില്‍ പലരും എത്തിയിരിക്കുന്നത്. ഹരിദ്വാറില്‍ സന്ദര്‍ശനം നടത്താനും രാജസ്ഥാനിലെ ബന്ധുക്കളെ കാണാനും വേണ്ടിയാണ് ഇവരില്‍ പലരും ഇന്ത്യയിലെത്തിയത്.പുതിയ പൗരത്വ നിയമ ഭേദഗതിയെ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും കഴിയുന്ന ഹിന്ദുക്കളും സിഖുകാരും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് സംഘത്തിലുളള ഒരു പാക് പൗരന്‍ പറഞ്ഞു.  

'ഞങ്ങള്‍ക്ക് പാകിസ്ഥാനില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നില്ല. ഞങ്ങളുടെ പെണ്‍മക്കളെ എപ്പോള്‍ വേണമെങ്കിലും തട്ടിക്കൊണ്ടുപോയേക്കാം എന്ന ഭീതിയിലാണ് കഴിയുന്നത്. പൊലീസ് കാഴ്ചക്കാരായി നോക്കിനില്‍ക്കുകയാണ്. ഞങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറ് മേഖലയിലൂടെ സ്വതന്ത്രരായി നടക്കാന്‍ പോലും സാധിക്കില്ല.' -സംഘത്തിലുള്ള ഒരു സ്ത്രീ പറഞ്ഞു. ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നത് പാകിസ്ഥാനില്‍ പതിവാണെന്നും മൗലികവാദികള്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെടാന്‍ പോലും ആര്‍ക്കും ധൈര്യമില്ലെന്നും ഇവര്‍ പറയുന്നു.

അതിര്‍ത്തി കടന്നെത്തിയ നാലുകുടുംബങ്ങളെ സ്വീകരിക്കുന്നതിനായി അകാലിദള്‍ നേതാവും ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റുമായ മഞ്ചിന്ദര്‍ സിങ് സിര്‍സയും അതിര്‍ത്തിയിലുണ്ടായിരുന്നു. പാകിസ്ഥാനില്‍ നിന്നെത്തിയ നാലുകുടുംബങ്ങളെയാണ് ഇദ്ദേഹം സ്വീകരിച്ചത്. മതപരമായ പീഡനങ്ങളെ തുടര്‍ന്ന് പാകിസ്ഥാനില്‍ നിന്ന് രക്ഷപ്പെട്ടെത്തിയവരാണ് ഇവരെന്ന് മഞ്ചിന്ദര്‍ സിങ് പറഞ്ഞു. ചൊവ്വാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് ഇവരുടെ പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും സിങ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com