പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങി വിവിഐപികളുടെ യാത്രകള്‍ക്ക് കിട്ടാനുളള കുടിശ്ശിക തുക 822 കോടി, ഉദ്യോഗസ്ഥരുടേത് 526 കോടി; നഷ്ടത്തിലോടുന്ന എയര്‍ഇന്ത്യയുടെ കണക്കുകള്‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കടമായി വാങ്ങിയ ടിക്കറ്റുകളുടെ ബില്‍ തുക 526 കോടി രൂപയായി ഉയര്‍ന്നതായും വിവരാവകാശ നിയമം അനുസരിച്ചുളള മറുപടിയില്‍ എയര്‍ഇന്ത്യ വ്യക്തമാക്കി
പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങി വിവിഐപികളുടെ യാത്രകള്‍ക്ക് കിട്ടാനുളള കുടിശ്ശിക തുക 822 കോടി, ഉദ്യോഗസ്ഥരുടേത് 526 കോടി; നഷ്ടത്തിലോടുന്ന എയര്‍ഇന്ത്യയുടെ കണക്കുകള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി തുടങ്ങി വിവിഐപികളുടെ യാത്രകള്‍ക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്ത് നല്‍കിയ വകയില്‍ 822 കോടി രൂപയുടെ കുടിശ്ശിക തന്നുതീര്‍ക്കാനുണ്ടെന്ന് പ്രമുഖ പൊതുമേഖല വിമാന കമ്പനിയായ എയര്‍ഇന്ത്യ. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കടമായി വാങ്ങിയ ടിക്കറ്റുകളുടെ ബില്‍ തുക 526 കോടി രൂപയായി ഉയര്‍ന്നതായും വിവരാവകാശ നിയമം അനുസരിച്ചുളള മറുപടിയില്‍ എയര്‍ഇന്ത്യ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ എയര്‍ഇന്ത്യയെ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.

വിവിഐപികള്‍ക്കായി വിമാനം ചാര്‍ട്ടര്‍ ചെയ്ത് നല്‍കിയ വകയില്‍ 2019 നവംബര്‍ 30 വരെ 822 കോടി രൂപയുടെ കുടിശ്ശിക തന്നുതീര്‍ക്കാനുണ്ട്. പ്രധാനമന്ത്രി, രാഷ്ട്രപതി, വൈസ് പ്രസിഡന്റ് തുടങ്ങിയ പ്രമുഖ വിവിഐപികളുടെ യാത്രകള്‍ക്കായി ചെലവായ തുകയാണിത്.ഇതിന് പുറമേ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ആളുകളെ ഒഴിപ്പിച്ചതിന് 9.67 കോടി രൂപയും വിദേശ പ്രതിനിധികളുടെ യാത്രയ്ക്കും മറ്റുമായി 12.65 കോടി രൂപയും ലഭിക്കാനുണ്ട്. ഇതിന് പുറമേയാണ് ഉദ്യോഗസ്ഥര്‍ കടമായി വാങ്ങിയ ടിക്കറ്റുകളുടെ ബില്‍ ഇനത്തില്‍ 526 കോടി രൂപയും ലഭിക്കാനുണ്ടെന്ന് വിവരാവകാശ രേഖയില്‍ പറയുന്നത്. ഇത് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് വരെയുളള കണക്കാണ്. തിരിച്ചു കിട്ടില്ല എന്ന നിഗമനത്തില്‍ 281 കോടി രൂപ പ്രത്യേക അക്കൗണ്ടില്‍ വകയിരുത്തിയതായും എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു.

വ്യോമയാന മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 8556 കോടി രൂപയുടെ നഷ്ടമാണ് എയര്‍ ഇന്ത്യക്ക് ഉളളത്. നഷ്ടം പെരുകിയത് ചൂണ്ടിക്കാണിച്ചാണ് എയര്‍ഇന്ത്യയെ പൂര്‍ണമായി വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം എയര്‍ഇന്ത്യയെ വാങ്ങാന്‍ താത്പര്യപത്രം ക്ഷണിക്കുന്നത് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com