മുപ്പത് മണിക്കൂര്‍ നീണ്ട പരിശോധന; ഒന്നും പിടിച്ചെടുക്കാതെ ആദായ നികുതി വകുപ്പ് മടങ്ങി; പ്രതികരിക്കാനില്ലെന്ന് വിജയ്

ഉദ്വേഗജനകമായ മുപ്പത് മണിക്കൂറുകള്‍ക്ക് ശേഷം ആദായനികുതി വകുപ്പ് പരിശോധന പൂര്‍ത്തിയാക്കി നടന്‍ വിജയ് യുടെ വീട്ടില്‍ നിന്നും മടങ്ങി
മുപ്പത് മണിക്കൂര്‍ നീണ്ട പരിശോധന; ഒന്നും പിടിച്ചെടുക്കാതെ ആദായ നികുതി വകുപ്പ് മടങ്ങി; പ്രതികരിക്കാനില്ലെന്ന് വിജയ്

ചെന്നൈ: ഉദ്വേഗജനകമായ മുപ്പത് മണിക്കൂറുകള്‍ക്ക് ശേഷം ആദായനികുതി വകുപ്പ് പരിശോധന പൂര്‍ത്തിയാക്കി നടന്‍ വിജയ് യുടെ വീട്ടില്‍ നിന്നും മടങ്ങി. പരിശോധനയില്‍ നിന്ന് ഒന്നും  പിടിച്ചെടുത്തിട്ടില്ലെന്ന് ആദായനികുതി വകുപ്പ്  ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിജയ്‌യുടെ നിക്ഷേപങ്ങളും പ്രതിഫലത്തുകയും സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. നിര്‍മാതാവായ അന്‍പു ചെഴിയന്റെ പക്കല്‍നിന്ന് കണക്കില്‍പ്പെടാത്ത 77 കോടി രൂപ പിടിച്ചെടുത്തെന്നും ആദായനികുതി വകുപ്പ് കമ്മീഷണര്‍ സുരഭി അലുവാലിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

എന്നാല്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡിനെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന്  പരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് വിജയ് പറഞ്ഞു. ഭാര്യയെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

ചെന്നൈ, മധുര എന്നിവിടങ്ങളിലെ അന്‍പു ചെഴിയനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്നാണ് പണം പിടിച്ചെടുത്തത്. ഇതിനൊപ്പം വിവിധ വസ്തുവകളുടെ രേഖകള്‍, പ്രോമിസറി നോട്ടുകള്‍, ചെക്കുകള്‍ തുടങ്ങിയവയും കണ്ടെടുത്തിട്ടുണ്ട്. അന്‍പു ചെഴിയന്റെ ഓഫീസുകളില്‍നിന്ന് 65 കോടി രൂപ പിടിച്ചെടുത്തതായി നേരത്തെ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബിഗില്‍ എന്ന സിനിമ 300 കോടി രൂപയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയത് സംബന്ധിച്ചാണ് ആദായനികുതി വകുപ്പ് അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വ്യാഴാഴ്ച നടന്‍ വിജയ്‌യുടെ വസതിയിലടക്കം പരിശോധന നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com