'രണ്ടാം ഭാര്യയുടെ വിവാഹേതരബന്ധം എതിര്‍ത്തു'; ഹിന്ദു മഹാസഭാ നേതാവിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു; കാമുകനും യുവതിയും അറസ്റ്റില്‍

ഹിന്ദുമഹാസഭാ നേതാവ് രഞ്ജിത്ത് ബച്ചന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ രണ്ടാം ഭാര്യയും കാമുകനും അറസ്റ്റില്‍
'രണ്ടാം ഭാര്യയുടെ വിവാഹേതരബന്ധം എതിര്‍ത്തു'; ഹിന്ദു മഹാസഭാ നേതാവിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു; കാമുകനും യുവതിയും അറസ്റ്റില്‍

ലക്‌നോ: ഹിന്ദുമഹാസഭാ നേതാവ് രഞ്ജിത്ത് ബച്ചന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ രണ്ടാം ഭാര്യയും കാമുകനും അറസ്റ്റില്‍. കഴിഞ്ഞ ഞായറാഴ്ചയാണ് പ്രഭാത നടത്തത്തിനിടെ രഞ്ജിത് ബച്ചന്‍ വെടിയേറ്റ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് രഞ്ജിത്തിന്റെ രണ്ടാംഭാര്യ സ്മൃതി ശ്രീവാസ്തവ, സ്മൃതിയുടെ കാമുകന്‍ ദീപേന്ദ്ര, ഡ്രൈവര്‍ സഞ്ജീവ് ഗൗതം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ രഞ്ജിത്തിനെ വെടിവെച്ചയാളെ പിടികൂടാനായിട്ടില്ലെന്നും പൊലീസ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രഞ്ജിത്തില്‍നിന്ന് വിവാഹമോചനം നേടി ദീപേന്ദ്രയെ വിവാഹം കഴിക്കാന്‍ സ്മൃതി ആഗ്രഹിച്ചിരുന്നു.  2016 മുതല്‍ കുടുംബകോടതിയില്‍  ഇവരുടെ വിവാഹമോചന കേസ് നടന്നുവരികയാണ്. സ്മൃതിക്ക് വിവാഹമോചനം നല്‍കാന്‍ രഞ്ജിത്ത് തയ്യാറായിരുന്നില്ല. ജനുവരി 17ന് രഞ്ജിത്തും സ്മൃതിയും തമ്മില്‍ കണ്ടിരുന്നു. കൂടിക്കാഴ്ചയ്ക്കിടെ സ്മൃതിയെ രഞ്ജിത്ത് മര്‍ദിച്ചു. ഇതാണ് കൊലപാതകത്തിന് കരാണമെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

വിശദമായ അന്വേഷണത്തിനൊടുവിലാണ് കുറ്റവാളികളെ കണ്ടെത്തിയത്. കൊലപാതകത്തില്‍ ഭീകരവാദികള്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചിരുന്നു. എന്നാല്‍ രഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കങ്ങളോ വസ്തുതര്‍ക്കങ്ങളോ കാരണങ്ങളായിട്ടില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൊലപാതകത്തിനു പിന്നില്‍ സ്മൃതിയും അവരുടെ കാമുകനുമാണെന്ന് പൊലീസ് കണ്ടെത്തുന്നത്.

ഞായറാഴ്ച രാവിലെ രഞ്ജിത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ സഹോദരന് പരിക്കേറ്റിരുന്നു. അക്രമി ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ തട്ടിയെടുക്കുകയും ചെയ്തിരുന്നു. ഷാള്‍ കൊണ്ട് മൂടിപ്പുതച്ച്, നടന്നുവന്നയാളാണ് രഞ്ജിത്തിനു നേരെ വെടിയുതിര്‍ത്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിടുകയും വിവരം നല്‍കുന്നവര്‍ക്ക് അമ്പതിനായിരം രൂപ പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com