രാജ്യത്തെ വെട്ടിമുറിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്നു; പാകിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുന്നു; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദി

പൗരത്വഭേദഗതി നിയമത്തില്‍ പ്രതിപക്ഷം പാക്കിസ്ഥാന്റെ പണിയാണെടുക്കുന്നത്. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം നിന്ന് പ്രതിപക്ഷം ഫോട്ടെയെടുക്കുന്നു
രാജ്യത്തെ വെട്ടിമുറിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്നു; പാകിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുന്നു; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദി

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസ് പാക്കിസ്ഥാന്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് മോദി കുറ്റപ്പെടുത്തി. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം നിന്ന് പ്രഫോട്ടെയെടുക്കുകയാണ്. മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പാക്കിസ്ഥാന്‍ നടത്തുന്ന അതേ ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.  പൗരത്വനിയമം രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നും മോദി പറഞ്ഞു. ലോക്‌സഭയില്‍ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മോദി

കോണ്‍ഗ്രസിന്റെ കീഴിലായിരുന്നെങ്കില്‍ ഐതിഹാസിക വിജയങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. മുത്തലാഖ്, അയോധ്യ, കശ്മീര്‍ എന്നിവ സര്‍ക്കാരിന്റെ മഹത്തായ നേട്ടങ്ങളാണ്. കോണ്‍ഗ്രസിന്റെ മെല്ലെപ്പോക്കല്ല തന്റെ സര്‍ക്കാരിന്റെ ഭരണസമീപനം. ആ ശൈലിയായിരുന്നെങ്കില്‍ രാമക്ഷേത്രം ഇന്നും വിവാദങ്ങളില്‍ മാത്രമായി ഒതുങ്ങിയേനെയെന്ന് മോദി പറഞ്ഞു. വേഗം വ്യാപ്തി, നിശ്ചയദാര്‍ഢ്യം എന്നിവയാണ് ബിജെപി സര്‍ക്കാരിന്റെ മുഖമുദ്രയെന്നും പ്രധാനമന്ത്രിയെ റിമോര്‍ട്ട് കണ്‍ട്രോള്‍ വഴി നിയന്ത്രിച്ചിരുന്ന യുപിഎ ശൈലി ഇപ്പോഴില്ലെന്നും മോദി വ്യക്തമാക്കി.

രാജ്യത്തിന്റെയും ജനങ്ങളുടെയും വികസനത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ജനങ്ങള്‍ വീണ്ടും തെരഞ്ഞെടുത്തത്. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ വോട്ടുബാങ്കിന്റെ അടിസ്ഥാനത്തിലല്ല. കശ്മീരിലെ ജനങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച് വികസനം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിച്ചത. ഭരണഘടനയെ നോക്കുകുത്തിയാക്കിയവരാണ് കോണ്‍ഗ്രസെന്നും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ പിരിച്ചുവിട്ട ചരിത്രം അവര്‍ക്കാണ്. ഭരണഘടനയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം കോണ്‍ഗ്രസ് ദിവസേനെ വിളിക്കണമെന്നും മോദി പറഞ്ഞു

രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി യുവാക്കളുടെ മര്‍ദനമേറ്റുവാങ്ങേണ്ടി വരുമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് യുവാക്കളുടെ മര്‍ദനമേറ്റുവാങ്ങാന്‍ തന്റെ ശരീരത്തെ പാകപ്പെടുത്തുകയാണെന്നാണായിരുന്നു മറുപടി. 'കഴിഞ്ഞ ദിവസം ഒരു കോണ്‍ഗ്രസ് നേതാവ് അടുത്ത ആറുമാസത്തിനുള്ളില്‍ മോദിയെ യുവാക്കള്‍ വടിയെടുത്ത് അടിക്കുമെന്ന് പറഞ്ഞത് ഞാന്‍ കേട്ടിരുന്നു. ആ ആറുമാസം ഞാന്‍ കൂടുതല്‍ സൂര്യനമസ്‌കാരം ചെയ്യും എന്നിട്ട് അവരുടെ പ്രഹരങ്ങള്‍ ഏറ്റുവാങ്ങാന്‍ എന്റെ ശരീരത്തെ കരുത്തുള്ളതാക്കും. കഴിഞ്ഞ 20 വര്‍ഷമായി നിങ്ങളുടെ പ്രഹരങ്ങള്‍ ഞാന്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.' മോദി പറഞ്ഞു.

നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കാണ് ലോക്‌സഭ ഇന്ന് സാക്ഷ്യം വഹിച്ചത്. മോദി ലോക്‌സഭയില്‍ പ്രസംഗിക്കാന്‍ ആരംഭിച്ചതോടെ'മഹാത്മാഗാന്ധി അമര്‍ രഹേ' എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം എഴുന്നേറ്റു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ സമരം ഒരു നാടകമായിരുന്നെന്ന അനന്തകുമാര്‍ ഹെഗ്‌ഡെയുടെ പരാമര്‍ശത്തോടുള്ള പ്രതിഷേധ സൂചകമായിട്ടായിരുന്നു പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയത്. മുദ്രാവാക്യം വിളികേട്ട്  'ഇത്രയേ ഉള്ളൂ, വേറെ എന്തെങ്കിലുമുണ്ടോ'എന്ന്‌മോദി ചോദിച്ചപ്പോള്‍ ഇത് ട്രെയിലറാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ മറുപടി. ചൗധരിയുടെ മറുപടിയെയും സ്വതസിദ്ധമായ വാചക കസര്‍ത്തോടെയാണ് മോദി നേരിട്ടത്. 'നിങ്ങള്‍ ചിലപ്പോള്‍ മഹാത്മാഗാന്ധി ഒരു ട്രെയിലര്‍ ആയിരിക്കാം. ഞങ്ങളെ സംബന്ധിച്ച് മഹാത്മാഗാന്ധിയെന്ന് പറയുന്നത് ജീവിതമാണ്.'  മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com