'ഷഹീന്‍ ബാഗില്‍ ബിരിയാണി വിതരണം'; വിവാദ പരാമര്‍ശത്തില്‍ യോഗിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ ബാഗില്‍ പ്രതിഷേധം നടത്തുന്നവര്‍ക്ക് എതിരായ പരാമര്‍ശത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നോട്ടീസ്
'ഷഹീന്‍ ബാഗില്‍ ബിരിയാണി വിതരണം'; വിവാദ പരാമര്‍ശത്തില്‍ യോഗിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ ബാഗില്‍ പ്രതിഷേധം നടത്തുന്നവര്‍ക്ക് എതിരായ പരാമര്‍ശത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നോട്ടീസ്. ഡല്‍ഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗി ആദിത്യനാഥിന് നോട്ടീസ് നല്‍കിയത്. 

അരവിന്ദ് കെജരിവാളിന്റെ സര്‍ക്കാര്‍ ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് ബിരിയാണി വിതരണം ചെയ്യുന്നു എന്ന യോഗി ആദിത്യനാഥിന്റെ പരാമര്‍ശമാണ് നോട്ടീസിന് ആധാരം. വെളളിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക്് മുന്‍പ് ആരോപണത്തിന് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആദിത്യനാഥിന് നോട്ടീസ് നല്‍കിയത്. അല്ലാത്തപക്ഷം മറ്റൊരു അറിയിപ്പ് കൂടാതെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു.

'അരവിന്ദ് കെജരിവാളിന് ഡല്‍ഹിയിലെ ജനങ്ങള്‍ക്കു ശുദ്ധമായ കുടിവെള്ളം നല്‍കാന്‍ പോലും കഴിഞ്ഞില്ല. ബിഐഎസ് നടത്തിയ സര്‍വേ പ്രകാരം ഡല്‍ഹിയിലെ ജനങ്ങള്‍ വിഷാംശം കലര്‍ന്ന വെള്ളമാണു കുടിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് ബിരിയാണി വിതരണം ചെയ്യുന്നു.'- എന്നിങ്ങനെയാണ് അരവിന്ദ് കെജരിവാളിന്റെ വിവാദ പരാമര്‍ശം.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനുശേഷം, തങ്ങള്‍ എല്ലാ ഭീകരരെയും തിരിച്ചറിഞ്ഞ് ബിരിയാണിക്കുപകരം വെടിയുണ്ടകള്‍ നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ കരവാല്‍ നഗര്‍, ആദര്‍ശ് നഗര്‍, നരേല, രോഹിണി എന്നീ നാലിടങ്ങളില്‍ നടന്ന റാലികളില്‍ യോഗിയുടെ മിക്ക പ്രസംഗങ്ങളും ബിരിയാണി, വെടിയുണ്ടകള്‍, പാക്കിസ്ഥാന്‍ എന്നി് വിഷയങ്ങളെക്കുറിച്ചായിരുന്നു.

കെജരിവാളിന് മെട്രോയോ ശുദ്ധജലമോ വൈദ്യുതിയോ ആവശ്യമില്ല, അദ്ദേഹത്തിന് ഷഹീന്‍ ബാഗ് മാത്രമേ ആവശ്യമുള്ളൂ. മെട്രോയാണോ, റോഡുകളാണോ, ഷഹീന്‍ ബാഗാണോ വേണ്ടതെന്നു നിങ്ങള്‍ തീരുമാനിക്കുക. വികസനത്തിനല്ല, പ്രതിഷേധക്കാര്‍ക്ക് ബിരിയാണി നല്‍കുന്നതിനാണ് കെജരിവാള്‍ പണം നിക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

1947 ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിഭജനത്തിനു പിന്നില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരുടെ പൂര്‍വികരാണ്. ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം നടക്കുന്നതു പൗരത്വ നിയമം കാരണമല്ല. ഇന്ത്യ ആഗോള ശക്തിയായി മാറുന്നതു തടയാന്‍ ഈ ആളുകള്‍ ആഗ്രഹിക്കുന്നതിനാലാണ് അവ സംഭവിക്കുന്നത്. അവരുടെ പൂര്‍വ്വികര്‍ ഇന്ത്യയെ ഭിന്നിപ്പിച്ചു. അതിനാല്‍ നമ്മുടെ വളര്‍ന്നുവരുന്ന ശ്രേഷ്ഠ ഭാരതത്തെക്കുറിച്ച് അവര്‍ക്ക് വിഷമമുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com