കെജരിവാളിന്റെ ജനകീയ നേട്ടങ്ങള്‍; അമിത് ഷായുടെ ചാണക്യ തന്ത്രങ്ങള്‍; ഡല്‍ഹി ആര്‍ക്കൊപ്പം; ഇന്ന് വിധിയെഴുത്ത്

70 മണ്ഡലത്തിലെ വേട്ടെടുപ്പിന്റെ ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും. ആകെ 672 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്
കെജരിവാളിന്റെ ജനകീയ നേട്ടങ്ങള്‍; അമിത് ഷായുടെ ചാണക്യ തന്ത്രങ്ങള്‍; ഡല്‍ഹി ആര്‍ക്കൊപ്പം; ഇന്ന് വിധിയെഴുത്ത്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്. രാജ്യതലസ്ഥാനം ആര്‍ക്കൊപ്പമെന്ന് ശനിയാഴ്ച വിധിയെഴുതും. 70 മണ്ഡലത്തിലെ വേട്ടെടുപ്പിന്റെ ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും. ആകെ 672 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ മത്സരിക്കുന്ന ന്യൂഡല്‍ഹി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത്- 28 പേര്‍. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രണ്‍ബീര്‍ സിങ് വെള്ളിയാഴ്ച വ്യക്തമാക്കി. ശനിയാഴ്ച കേന്ദ്രസര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു.

അഞ്ചു വര്‍ഷം മുന്‍പു സ്വന്തമാക്കിയ 70ല്‍ 67 സീറ്റെന്ന മിന്നും തിളക്കത്തിന്റെ പകിട്ടു കൂട്ടാനൊരുങ്ങി ആം ആദ്മി പാര്‍ട്ടി(എഎപി), എട്ടു മാസം മുന്‍പ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏഴു സീറ്റും തൂത്തുവാരിയ ആവേശത്തില്‍ ബിജെപി, കൈവിട്ട ദേശീയ തലസ്ഥാനം 'കൈ'പ്പിടിയിലൊതുക്കാമെന്ന പ്രതീക്ഷയോടെ കോണ്‍ഗ്രസ് മത്സരക്കളത്തിലുള്ളത്.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി തലസ്ഥാനമൊട്ടാകെ കനത്ത സുരക്ഷയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന ഷഹീന്‍ബാഗ് ഉള്‍പ്പെടെയുള്ള 'സെന്‍സിറ്റീവ്' മേഖലകളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തി. തെരഞ്ഞെടുപ്പിന് അസൗകര്യം ഉണ്ടാകാതിരിക്കാന്‍ ജാമിയ മിലിയ ക്യാമ്പസിന്റെ ഏഴാം നമ്പര്‍ ഗേറ്റിനുമുമ്പില്‍ നടക്കുന്ന പൗര്വത ഭേദഗതി നിയമത്തിനെതിരെയുള്ള സമരം താല്‍ക്കാലികമായി നാലാം നമ്പര്‍ ഗേറ്റിലേക്ക് മാറ്റി. വോട്ടെടുപ്പിനുശേഷം പഴയസ്ഥലത്ത് സമരം പുനഃസ്ഥാപിക്കുമെന്ന് ജാമിയ ഏകോപനസമിതി അറിയിച്ചു.

2689 കേന്ദ്രങ്ങളിലായി ഒരുക്കിയിരിക്കുന്നത് 13,750 ബൂത്തുകള്‍. 516 കേന്ദ്രങ്ങളും 3704 പോളിങ് ബൂത്തുകളും അതീവ ജാഗ്രതാ പട്ടികയിലാണ്. ഇവിടങ്ങളില്‍ പൊലീസിനൊപ്പം അര്‍ധസൈനിക വിഭാഗവും കാവലൊരുക്കും. വോട്ടിങ് നടപടികള്‍ വെബ്കാസ്റ്റിങ്ങിലൂടെ തത്സമയം നിരീക്ഷിക്കും. എല്ലാ പോളിങ് ബൂത്തുകളിലും സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ ഒരുങ്ങിക്കഴിഞ്ഞു. വോട്ടിങ് യന്ത്രങ്ങള്‍ക്കും കനത്ത കാവലാണ്. മൂന്നാഴ്ചയിലേറെ നീണ്ട പ്രചാരണം വ്യാഴാഴ്ച വൈകിട്ട് ആറിനാണ് അവസാനിച്ചത്.

എഎപി വന്‍ ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തിലെത്തുമെന്നാണ് ഭൂരിപക്ഷം സര്‍വേകളും പ്രവചിച്ചത്. ഇന്ത്യാ ടുഡെ, എന്‍ഡിടിവി, എന്‍ബിടി, ടൈംസ് നൗ, എബിപി ചാനല്‍ എന്നിവയുടെ സര്‍വേകള്‍ എഎപിക്ക് 60നു മുകളില്‍ സീറ്റുകളാണ് പ്രവചിച്ചത്.  2015ലെ തെരഞ്ഞെടുപ്പില്‍ 67 സീറ്റ് നേടിയാണ് എഎപി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയത്. ബിജെപി മൂന്നു സീറ്റ് ജയിച്ചപ്പോള്‍ കോണ്‍ഗ്രസ് പൂജ്യത്തിലൊതുങ്ങി. പിന്നീട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ഒരു സീറ്റുകൂടി ജയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com