കൊറോണ : ആശങ്ക അകലുന്നു, വുഹാനില്‍ നിന്നെത്തിയ 406 പേര്‍ക്കും രോഗബാധയില്ല ; ജാഗ്രത കുറച്ചുദിവസം കൂടി തുടരണമെന്ന് മന്ത്രി

28 ദിവസത്തെ നിരീക്ഷണകാലം പൂര്‍ത്തിയായാലേ സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാനാവു എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ
കൊറോണ : ആശങ്ക അകലുന്നു, വുഹാനില്‍ നിന്നെത്തിയ 406 പേര്‍ക്കും രോഗബാധയില്ല ; ജാഗ്രത കുറച്ചുദിവസം കൂടി തുടരണമെന്ന് മന്ത്രി

ന്യൂഡല്‍ഹി: വുഹാനില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞ 406 പേര്‍ക്കും കൊറോണ ബാധയില്ലെന്ന് തെളിഞ്ഞു. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ ക്യാമ്പില്‍ കഴിയുന്നവരുടെ രക്ത പരിശോധന ഫലമാണ് പുറത്തുവന്നത്. ഡല്‍ഹി ചാവ്‌ല ക്യാമ്പില്‍ കരുതല്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ച 406 പേര്‍ക്കും കൊറോണ ഇല്ലെന്ന പരിശോധന ഫലം ലഭിച്ചു.

കഴിഞ്ഞ ആഴ്ചയാണ് കൊറോണ രോഗം പടര്‍ന്ന വുഹാനില്‍ നിന്നും ഇവരെ ഡല്‍ഹിയിലെത്തിച്ചത്. ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയ ഇവരെ നേരെ ഐടിബിപിയിലെ നിരീക്ഷണ ക്യാമ്പിലേക്ക് കൊണ്ടുുപോകുകയായിരുന്നു. 14 ദിവസത്തെ കരുതല്‍ നിരീക്ഷണത്തിനാണ് ഇവരെ ഡല്‍ഹി ചാവ്‌ലയിലെ ക്യാമ്പില്‍ എത്തിച്ചത്.

ഇതില്‍ ഏഴുപേരെ ഡല്‍ഹി സഫ്ദര്‍ ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇവരെയും ക്യാമ്പിലേക്ക് തിരികെ എത്തിച്ചു. നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് പുതുതായി അസ്വസ്ഥതകളൊന്നും ഉണ്ടായിട്ടില്ല. എങ്കിലും നാല് ഐസൊലേഷന്‍ ബെഡ്ഡുകളും, ക്രിട്ടിക്കല്‍ കെയര്‍ സംവിധാനങ്ങളുള്ള നാല് ആംബുലന്‍സുകളും ക്യാമ്പില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

അതേസമയം 28 ദിവസത്തെ നിരീക്ഷണകാലം പൂര്‍ത്തിയായാലേ സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാനാവു എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. സംസ്ഥാനത്ത് രോഗം ഫലപ്രദമായി നിയന്ത്രിക്കാനായെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് റവന്യൂമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി.

ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ച് 10 ദിവസത്തിനുളളില്‍ തന്നെ രോഗം നിയന്ത്രിക്കാനായത് വലിയ നേട്ടമായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കോറോണ ബാധിതരായ മൂന്ന് പേരെയും ആദ്യഘട്ടത്തില്‍ തന്നെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിക്കാനായതാണ് രോഗം പടരാതിരിക്കുന്നതില്‍ നിര്‍ണ്ണായകമായത്. രോഗബാധിതരുടെ സ്ഥിതി മെച്ചപ്പെട്ട് വരികയാണ്. എന്നാല്‍  ജാഗ്രത കുറച്ചുദിവസത്തേക്കു കൂടി തുടരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com