'ഫെബ്രുവരി 14 പുല്‍വാമ ദിനം ; കമിതാക്കളുടെ തോന്ന്യാസം അനുവദിക്കില്ല' ; ഭീഷണിയുമായി  ബജ്‌രംഗ് ദള്‍

പ്രണയത്തിന്റെ പേരും പറഞ്ഞ് പാര്‍ക്കിലും പബിലും കറങ്ങി നടക്കുന്ന കമിതാക്കളെ തടയും
'ഫെബ്രുവരി 14 പുല്‍വാമ ദിനം ; കമിതാക്കളുടെ തോന്ന്യാസം അനുവദിക്കില്ല' ; ഭീഷണിയുമായി  ബജ്‌രംഗ് ദള്‍

ഹൈദരാബാദ്: ഫെബ്രുവരി 14ന് വാലന്റൈന്‍ ദിനാഘോഷങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണിയുമായി തെലങ്കാന ബജ്‌റംഗ്ദള്‍. വിദേശ കമ്പനികളുടെ ലാഭത്തിനായി ഇന്ത്യന്‍ സംസ്‌കാരത്തെ തകര്‍ക്കുന്ന ഒന്നും അനുവദിക്കില്ല. പാര്‍ക്കിലും പബിലും കറങ്ങി നടക്കുന്ന കമിതാക്കളെ തടയുമെന്നും ബജ്‌റംഗ്ദള്‍ തെലങ്കാന കണ്‍വീനര്‍ സുഭാഷ് ചന്ദര്‍ മുന്നറിയിപ്പ് നല്‍കി.

ഫെബ്രുവരി 14 പുല്‍വാമ ദിനമായി ആചരിക്കണം. അന്ന് രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുള്ള ദിവസമായി വേണം കണക്കാക്കാന്‍. അല്ലാതെ ആ ദിവസം  കമിതാക്കള്‍ തോന്ന്യാസം കാണിക്കരുതെന്ന് ബജ്‌റംഗ്ദള്‍ തെലങ്കാന കണ്‍വീനര്‍ സുഭാഷ് ചന്ദര്‍ ആവശ്യപ്പെട്ടു.

പ്രണയത്തിന്റെ പേരും പറഞ്ഞ് പാര്‍ക്കിലും പബിലും കറങ്ങി നടക്കുന്ന കമിതാക്കളെ തടയും. അവര്‍ ഇന്ത്യന്‍ സംസ്‌കാരത്തിനു കളങ്കം വരുത്തുകയാണ്. അങ്ങനെ ചെയ്യുന്നതു വഴി മാതാപിതാക്കള്‍ക്ക് നാണക്കേട് ഉണ്ടാക്കുന്നതിനൊപ്പം സ്വദേശി സംസ്‌കാരത്തെയും തകര്‍ക്കുകയാണ്. നമ്മുടെ സംസ്‌കാരത്തെപ്പറ്റി അവര്‍ മനസ്സിലാക്കണം. ഞങ്ങള്‍ അത് അവര്‍ക്ക് വിശദീകരിച്ചു നല്‍കുമെന്നും ബജ്‌റംഗ്ദള്‍ പറയുന്നു.

കുത്തക കമ്പനികളാണ് വാലന്റൈന്‍സ് ഡേയെ പ്രോത്സാഹിപ്പിക്കുന്നത്.  പ്രത്യേക ഓഫറുകള്‍ നല്‍കി കുത്തക കമ്പനികള്‍ യുവതീയുവാക്കളെ വശത്താക്കി ഇന്ത്യന്‍ സംസ്‌കാരത്തെ തകര്‍ക്കുന്നു. മാളുകളുടെ ഉടമസ്ഥരും ഇവന്റ് മാനേജര്‍മാരും യുവതീ യുവാക്കള്‍ക്ക്  പ്രത്യേക ഓഫറുകള്‍ നല്‍കുകയാണ്. ഞങ്ങള്‍ പ്രണയത്തിന് എതിരല്ല, എന്നാല്‍  വാലന്റൈന്‍സ് ഡേയോട്  എതിര്‍പ്പാണെന്നും ബജ്‌റംഗ്ദള്‍ തെലങ്കാന കണ്‍വീനര്‍ സുഭാഷ് ചന്ദര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com