'പൊതുവഴി തടഞ്ഞ് അനിശ്ചിതകാല സമരം അനുവദിക്കാനാവില്ല'; ഷഹീന്‍ ബാഗ് സമരക്കാരെ വിമര്‍ശിച്ച് സുപ്രീം കോടതി

സമരക്കാരെ അടിയന്തരമായി നീക്കണമെന്ന ആവശ്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി വിസമ്മതിച്ചു
'പൊതുവഴി തടഞ്ഞ് അനിശ്ചിതകാല സമരം അനുവദിക്കാനാവില്ല'; ഷഹീന്‍ ബാഗ് സമരക്കാരെ വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്നവരെ പരോക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. പൊതുസ്ഥലങ്ങളില്‍ അനിശ്ചിതകാലത്തേക്കുള്ള സമരങ്ങള്‍ അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് എസ്‌കെ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. എന്നാല്‍ സമരക്കാരെ അടിയന്തരമായി നീക്കണമെന്ന ആവശ്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി വിസമ്മതിച്ചു. 

ഷഹീന്‍ ബാഗിലെ സമരക്കാരെ നീക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ അമിത് സാഹ്നിയാണ് കോടതിയെ സമീപിച്ചത്. സമരക്കാരെ നീക്കാന്‍ ഇടക്കാല ഉത്തരവു പുറപ്പെടുവിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. എ്ന്നാല്‍ മറുപക്ഷത്തിന്റെ വാദങ്ങള്‍ കേള്‍ക്കാതെ ഉത്തരവിടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 'അന്‍പതു ദിവസത്തിലേറെയായി സമരം നടക്കുന്നു. നിങ്ങള്‍ കാത്തിരുന്നേ തീരൂ' - ജസ്റ്റിസ് കൗള്‍ പറഞ്ഞു.

അനിശ്ചിതമായി പൊതു റോഡ് തടസപ്പെടുത്തി സമരം ചെയ്യാനാവില്ലെന്ന് കോടതി പരാമര്‍ശിച്ചു. അത് മറ്റുള്ളവര്‍ക്കു അസൗകര്യമുണ്ടാക്കും. ഇത്തരം സമരത്തിനായി നിശ്ചിത സ്ഥലങ്ങള്‍ വേണമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

പൊതു ഇടങ്ങളില്‍ എല്ലാവരും ഇത്തരം സമരം തുടങ്ങിയാല്‍ എന്താവും അവസ്ഥയെന്ന് കോടതി ചോദിച്ചു. ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു. കേസ് അടുത്ത തിങ്കളാഴ്ച പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com