പൊലീസുകാര്‍ വിദ്യാര്‍ഥിനികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദ്ദിച്ചു; ജാമിയയിലെ നിരവധി പേര്‍ ആശുപത്രിയില്‍

സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേറ്റ പത്തുപേരാണ് ചികിത്സ തേടി ആശുപത്രിയിലെത്തിയത്
പൊലീസുകാര്‍ വിദ്യാര്‍ഥിനികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദ്ദിച്ചു; ജാമിയയിലെ നിരവധി പേര്‍ ആശുപത്രിയില്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയിലും എന്‍ആര്‍സിയിലും പ്രതിഷേധിച്ച് പാര്‍ലമെന്റിലേക്ക് വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചില്‍ ഡല്‍ഹി പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സ്വകാര്യഭാഗങ്ങളില്‍ ക്രൂരമര്‍ദ്ദനമേറ്റ് അവശനിലയിലായ പത്തോളം പെണ്‍കുട്ടികളെ ജാമിയ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേറ്റ പത്തുപേരാണ് ചികിത്സ തേടി ആശുപത്രിയിലെത്തിയത്. ചിലരുടെ പരിക്ക് ഗുരുതരമാണ്. അവരെ അല്‍ ഷിഫ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ഡോക്ടര്‍ പറഞ്ഞു.

ലാത്തികൊണ്ട് അടിയേറ്റ് ചിലരുടെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നെഞ്ചിലും അടിവയറ്റിലുമാണ് കൂടുതലും പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ടുകള്‍.  ബുട്ടിട്ട കാലുകൊണ്ട് പൊലീസുകാര്‍ തൊഴിച്ചു. ഒരു വനിതാ പൊലീസുകാരി എന്റെ ബുര്‍ഖ അഴിച്ചുമാറ്റി എന്റെ സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദ്ദിച്ചതായും പരിക്കേറ്റ യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഇതേ ആരോപണങ്ങളുമായി മറ്റ് വിദ്യാര്‍ഥികളും രംഗത്തെത്തി. ആണ്‍കുട്ടികളും ക്രൂരമര്‍ദ്ദനത്തിനിരയായി. ഒമ്പത് വിദ്യാര്‍ത്ഥികളെ അഡ്മിറ്റ് ചെയ്‌തെന്നും ഗുരുതര പരിക്കേറ്റ ഒരാളെ ഐസിയുവിലേക്ക് മാറ്റിയെന്നും അല്‍ഷിഫ ആശുപത്രി അധികൃതര്‍ അറിയിച്ചു. 

പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ പട്ടികക്കെതിരെയും വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ജാമിയ കോ ഓഡിനേഷന്‍ കമ്മിറ്റി  പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചാണ്  പൊലീസുമായി സംഘര്‍ഷത്തില്‍ കലാശിച്ചത്. സമരക്കാര്‍ പാര്‍ലമെന്റ് മാര്‍ച്ചിന് അനുമതി വാങ്ങിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com