ശബരിമല: വിശാല ബെഞ്ച് രൂപീകരണം ശരിവച്ചു, ഏഴു പരിഗണനാ വിഷയങ്ങള്‍, വാദം തിങ്കളാഴ്ച മുതല്‍

പുനപ്പരിശോധനാ ഹര്‍ജി പരിഗണിക്കുമ്പോള്‍ കാതലായ നിയമപ്രശ്‌നങ്ങള്‍ ഉയരുകയാണെങ്കില്‍ അത് വിശാല ബെഞ്ചിലേക്കു വിടാനുള്ള അധികാരം കോടതിക്കുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ ബെ
ശബരിമല: വിശാല ബെഞ്ച് രൂപീകരണം ശരിവച്ചു, ഏഴു പരിഗണനാ വിഷയങ്ങള്‍, വാദം തിങ്കളാഴ്ച മുതല്‍

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനം ഉള്‍പ്പെടെ, മതവിശ്വാസവും ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ ഒന്‍പതംഗ വിശാല ബെഞ്ച് രൂപീകരിച്ച അഞ്ചംഗ ബെഞ്ചിന്റെ നടപടി സുപ്രീം കോടതി ശരിവച്ചു. പുനപ്പരിശോധനാ ഹര്‍ജി പരിഗണിക്കുമ്പോള്‍ കാതലായ നിയമപ്രശ്‌നങ്ങള്‍ ഉയരുകയാണെങ്കില്‍ അത് വിശാല ബെഞ്ചിലേക്കു വിടാനുള്ള അധികാരം കോടതിക്കുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ ബെഞ്ച് വ്യക്തമാക്കി. റിവ്യൂ ഹര്‍ജി  പരിഗണിച്ചുകൊണ്ട് ഇത്തരമൊരു വിശാല ബെഞ്ച് രൂപീകരിക്കാനാവില്ലെന്ന, ഭരണഘടനാ വിദഗ്ധനായ ഫാലി എസ് നരിമാന്‍ ഉള്‍പ്പെടെയുള്ളവരുടെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് വിധി.

മതസ്വാതന്ത്ര്യത്തിന്റെ വ്യാപ്തി എത്രത്തോളം, ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരമുള്ള മതാചരണത്തിനുള്ള അവകാശവും 26-ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക മതവിഭാഗങ്ങളുടെ അവകാശവും തമ്മിലുള്ള പാരസ്പര്യം, പ്രത്യേക മതവിഭാഗങ്ങളുടെ അവകാശങ്ങള്‍ ഭരണഘടനയുടെ പാര്‍ട്ട് മൂന്നു പ്രകാരമുള്ള മറ്റ് അവകാശങ്ങള്‍ക്ക് അനുസൃമായിരിക്കേണ്ടതുണ്ടോ, 25, 26 അനുച്ഛേദങ്ങള്‍ പ്രകാരമുള്ള ധാര്‍മികതയുടെ വ്യാപ്തി എത്രത്തോളം, അത് ഭരണഘടനാ ധാര്‍മികത ഉള്‍പ്പെടുന്നതാണോ, പ്രത്യേക മതവിഭാഗങ്ങള്‍ക്ക് മൗലിക അവകാശങ്ങള്‍ അവകാശപ്പെടാമോ, 25 (2) ബി പ്രകാരമുള്ള ഹിന്ദു വിഭാഗങ്ങള്‍ എന്നാല്‍ എന്താണ്, ഒരു മതവിഭാഗത്തിന്റെ ആചാരത്തെ അതില്‍ പെടാത്ത ഒരാള്‍ക്ക് പൊതുതാത്പര്യ ഹര്‍ജിയിലൂടെ ചോദ്യം ചെയ്യാനാവുമോ എന്നീ കാര്യങ്ങളാണ് വിശാല ബെഞ്ച് പരിശോധിക്കുക. 

ഇരുപക്ഷത്തിനും അഞ്ച് ദിവസം വീതമാണ് വാദിക്കാന്‍ സമയം ലഭിക്കുക. അടുത്ത തിങ്കളാഴ്ച മുതല്‍ കേസില്‍ വാദം തുടങ്ങുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. 

ശബരിമല റിവ്യൂ ഹര്‍ജി പരിഗണിച്ചുകൊണ്ട് വിശാലമായ ചോദ്യങ്ങള്‍ റഫറന്‍സ് നടത്തിയതിനെ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്റെ നേതൃത്വത്തില്‍ സീനിയര്‍ അഭിഭാഷകര്‍ എതിര്‍ത്തിരുന്നു. ശബരിമല ഭക്തരെ പ്രത്യേക മതവിഭാഗമായി കാണാനാവുമോ എന്നായിരുന്നു കേസിലെ പ്രധാന ചോദ്യമെന്ന് നരിമാന്‍ വാദിച്ചു. അതിന് 2018ലെ വിധിയില്‍ ഉത്തരമായതാണ്. അതില്‍ പിഴവുണ്ടോ എന്നു മാത്രമാണ് റിവ്യു ഹര്‍ജിയില്‍ ചെയ്യാനാവുകയെന്ന് നരിമാന്‍ വാദിച്ചു. തീരുമാനമായ കാര്യം അങ്ങനെയല്ലാതാക്കി മാറ്റാന്‍ കോടതിക്കാവില്ല. ശബരിമല ഭക്തരെ പ്രത്യേക മതവിഭാഗമായി കണക്കാനാവില്ലെന്ന 4-1 വിധി നിലനില്‍ക്കെ വിശാല ബെഞ്ചിനു മുന്നില്‍ വന്ന ചോദ്യങ്ങള്‍ സാങ്കല്‍പ്പികം മാത്രമാണെന്ന് നരിമാന്‍ പറഞ്ഞു. ദേശീയ പ്രാധാന്യമുള്ള കാര്യങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനാവുക രാഷ്ട്രപതിക്കാണ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോ മറ്റാര്‍ക്കെങ്കിലുമോ അതിനാവില്ല. - നരിമാന്‍ വാദിച്ചു. 

വിശാല ബെഞ്ച് ശബരിമല റിവ്യൂ ഹര്‍ജികള്‍ പരഗിണിക്കില്ലെന്ന് വ്യകതമാക്കിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ബെഞ്ച് രൂപീകരണം സാങ്കേതികമായി ശരിയല്ലെങ്കില്‍ പോലും അതിനു മുന്നില്‍ വന്ന നിയമ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ വിശാല ബെഞ്ചിന് അധികാരമുണ്ട്. നീതി നടത്തിപ്പില്‍ സാങ്കേതികത്വം കോടതിക്കു മുന്നില്‍ തടസ്സമാവരുത്. ബെഞ്ച് രൂപീകരിച്ചത് സാങ്കേതികമായി സാധുവല്ലെന്ന വാദം ബാലിശമെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

പുനപ്പരിശോധനാ ഹര്‍ജി പരിഗണിച്ചുകൊണ്ട്, വിശാല ബെഞ്ചിനു ചോദ്യങ്ങള്‍ റഫര്‍ ചെയ്യാന്‍ അഞ്ചംഗ ബെഞ്ചിന് അധികാരമില്ലെന്ന് കേരളത്തിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത വാദിച്ചു. 

ശബരിമല യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ പിഴവുണ്ടോ എന്നു മാത്രമാണ് പുനപ്പരിശോധനാ ഹര്‍ജിയില്‍ പരിശോധിക്കാനാവുകയെന്ന് ജയദീപ് ഗുപ്ത പറഞ്ഞു. പിഴവുണ്ടെങ്കില്‍ മാത്രമാണ് ശബരിമല കേസ് കോടതിക്കു വീണ്ടും പരിഗണിക്കാനാവുക. പുനപ്പരിശോധനാ ഹര്‍ജി തീര്‍പ്പാക്കുന്നതിന് അടിസ്ഥാനം റഫറന്‍സില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ ആവരുത്. റിവ്യൂവിലെ വിധി അതത് കക്ഷികള്‍ക്കു മാത്രമാണ് ബാധകമാവുക. റഫറന്‍സില്‍ അങ്ങനെയല്ലെന്ന് ജയദീപ് ഗുപ്ത പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com