കോണ്‍ഗ്രസില്‍ കലാപം, നേതൃത്വത്തെ വിമര്‍ശിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷന്‍; തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കാലതാമസമെന്ന് വിമര്‍ശനം

തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കാലതാമസം വരുത്തിയ നേതൃത്വത്തിന്റെ പിടിപ്പുകേടാണ് പരാജയത്തിന് കാരണമെന്ന് ഡല്‍ഹി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ
കോണ്‍ഗ്രസില്‍ കലാപം, നേതൃത്വത്തെ വിമര്‍ശിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷന്‍; തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കാലതാമസമെന്ന് വിമര്‍ശനം

ന്യൂഡല്‍ഹി: എതിരാളികളെ ബഹുദൂരം പിന്നിലാക്കി ആംആദ്മി പാര്‍ട്ടി മികച്ച വിജയം നേടിയ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ സമ്പൂര്‍ണപരാജയത്തെ വിമര്‍ശിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ് ശര്‍മിഷ്ഠ മുഖര്‍ജി. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കാലതാമസം വരുത്തിയ നേതൃത്വത്തിന്റെ പിടിപ്പുകേടാണ് പരാജയത്തിന് കാരണമെന്ന് ഡല്‍ഹി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മകളുമായ ശര്‍മിഷ്ഠ മുഖര്‍ജി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റുപോലും കിട്ടാതെ കോണ്‍ഗ്രസ് സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയ പശ്ചാത്തലത്തില്‍ ട്വിറ്ററിലൂടെയാണ് ശര്‍മിഷ്ഠ മുഖര്‍ജിയുടെ പ്രതികരണം.

തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അനാവശ്യമായി നേതൃത്വം കാലതാമസം വരുത്തിയത് അടക്കമുളള കാരണങ്ങളാണ് മോശം പ്രകടനത്തിലേക്ക് നയിച്ചത്.  ഡല്‍ഹിയില്‍ വീണ്ടും കോണ്‍ഗ്രസിന് പതനം സംഭവിച്ചിരിക്കുന്നു. ആത്മപരിശോധനയുടെ സമയം കഴിഞ്ഞിരിക്കുന്നു. ഇനി പ്രവര്‍ത്തിക്കേണ്ട സമയം ആയിരിക്കുകയാണ്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നേതൃത്വം കാലതാമസം വരുത്തിയതിന് പുറമേ, തന്ത്രങ്ങള്‍ മെനയുന്നില്‍ സംഭവിച്ച പാളിച്ചകളും സംസ്ഥാന തലത്തില്‍ ഐക്യമില്ലാതിരുന്നതുമാണ് പരാജയത്തിന് കാരണമെന്ന് ശര്‍മിഷ്ഠ മുഖര്‍ജി കുറ്റപ്പെടുത്തി.

ആവേശം ചോര്‍ന്ന പ്രവര്‍ത്തകരും, അടിത്തട്ടുമായി അകന്നതും മറ്റു ചില കാരണങ്ങളാണ്. സംഘടനയുടെ ഭാഗമെന്ന നിലയില്‍ താനും ഇതില്‍ ഉത്തരവാദിയാണെന്ന് ശര്‍മിഷ്ഠ മുഖര്‍ജി ട്വീറ്റ് ചെയ്തു.

ഡല്‍ഹിയില്‍ മാജിക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഖുശ്ബു പറഞ്ഞു. 'നമ്മള്‍ ചെയ്യുന്നത് ശരിയാണോ, നമ്മള്‍ ശരിയായ ട്രാക്കിലാണോ, ഇതിനെല്ലാം ഉത്തരം നോ എന്ന് മാത്രമാണ്, അടിത്തട്ട് മുതല്‍ പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചു'- ഖുശ്ബു പറഞ്ഞു.

വോട്ടെടുപ്പ് നടന്ന 70 അംഗ നിയമസഭ സീറ്റില്‍ ഒടുവിലത്തെ ഫലസൂചനകള്‍ പ്രകാരം എഎപി 62 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. ഇടയ്ക്ക് 50 സീറ്റിന് താഴേയ്ക്ക് പോയ എഎപി പെട്ടെന്നുതന്നെ 50 ന് മുകളില്‍ സീറ്റിലേക്ക് തിരിച്ചെത്തി. അതേസമയം കഴിഞ്ഞ തവണത്തേക്കാള്‍ ബിജെപി നിലമെച്ചപ്പെടുത്തി. മൂന്നില്‍ നിന്നും എട്ടു സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com