'ഞങ്ങള്‍ തോറ്റിട്ടില്ല, നേരത്തെയും വട്ടപൂജ്യം, ഇപ്പോഴും അങ്ങനെ തന്നെ, തോറ്റമ്പിയത് ബിജെപി': കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥത്തില്‍ ബിജെപിയാണ് തോറ്റതെന്ന് കോണ്‍ഗ്രസ് നേതാവ് സാധു സിങ് ധരംസോട്ട്
'ഞങ്ങള്‍ തോറ്റിട്ടില്ല, നേരത്തെയും വട്ടപൂജ്യം, ഇപ്പോഴും അങ്ങനെ തന്നെ, തോറ്റമ്പിയത് ബിജെപി': കോണ്‍ഗ്രസ് നേതാവ്

ചണ്ഡീഗഢ്‌: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥത്തില്‍ ബിജെപിയാണ് തോറ്റതെന്ന് കോണ്‍ഗ്രസ് നേതാവ് സാധു സിങ് ധരംസോട്ട്. 2015 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒറ്റ സീറ്റ് പോലും ലഭിച്ചില്ല. ഇത്തവണയും അങ്ങനെ തന്നെ. അങ്ങനെ നോക്കിയാല്‍ യഥാര്‍ത്ഥത്തില്‍ ബിജെപിയാണ് പരാജയപ്പെട്ടതെന്നും പഞ്ചാബിലെ ക്യാബിനറ്റ് മന്ത്രി കൂടിയായ സാധു സിങ് പറയുന്നു.

'നേരത്തെ ഞങ്ങള്‍ക്ക് പൂജ്യമായിരുന്നു. ഇപ്പോഴും പൂജ്യമാണ്.അതുകൊണ്ട് ഇത് ഞങ്ങളുടെ തോല്‍വി അല്ല. ഇത് ബിജെപിയുടെ പരാജയമാണ്'- സാധു സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ക്യാബിനറ്റ് മന്ത്രിയുടെ പ്രതികരണം.

അതേസമയം, വിദ്വേഷത്തിനും വൃത്തിക്കെട്ട രാഷ്ട്രീയത്തിനും എതിരെയുളള ജനവിധിയാണ് ഡല്‍ഹിയിലേതെന്ന് പഞ്ചാബ് നിയമസഭയിലെ പ്രതിപക്ഷ നേതാവായ ഹര്‍പാല്‍ സിങ് ചീമ പറഞ്ഞു. ആംആദ്മി സര്‍ക്കാരിന്റെ വികസന അജന്‍ഡയ്ക്ക് അനുകൂലമായ ജനവിധിയാണിതെന്നും അദ്ദേഹം പറഞ്ഞു. 117 സീറ്റുകളുളള പഞ്ചാബ് നിയമസഭയില്‍ 19 സീറ്റുകളുളള ആംആദ്മി പാര്‍ട്ടിയാണ് രണ്ടാമത്തെ വലിയ കക്ഷി.

70 സീറ്റുകളുളള ഡല്‍ഹി നിയമസഭയില്‍ 62 സീറ്റുകള്‍ നേടിയാണ് ആംആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തില്‍ എത്തിയത്. 48 സീറ്റുകളില്‍ വിജയിച്ച് അധികാരത്തില്‍ വരുമെന്ന് അവകാശവാദം ഉന്നയിച്ച ബിജെപി 8 സീറ്റുകളിലേക്ക് ചുരുങ്ങി. പ്രമുഖ പാര്‍ട്ടിയായ കോണ്‍ഗ്രസ് സമ്പൂര്‍ണ പരാജയമാണ് ഏറ്റുവാങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com