വീണ്ടും ഒരു വാലന്റൈന്‍സ് ദിനം, സുനിതയ്ക്കു ജന്മദിന സന്തോഷം; കെജരിവാളിനു ചിരി

മറ്റൊരു വാലന്റൈന്‍ ദിനം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ അധികാരത്തില്‍ മൂന്നാമൂഴം. ഇന്നാവട്ടെ കെജരിവാളിന്റെ ഭാര്യ സുനിതയുടെ ജന്മദിനവും
കെജരിവാളിനു മധുരം നല്‍കുന്ന ഭാര്യ സുനിത/എഎന്‍ഐ,ട്വിറ്റര്‍
കെജരിവാളിനു മധുരം നല്‍കുന്ന ഭാര്യ സുനിത/എഎന്‍ഐ,ട്വിറ്റര്‍

റു വര്‍ഷം മുമ്പ് വാലന്റൈന്‍സ് ദിനത്തിലാണ്, മുഖ്യമന്ത്രി സ്ഥാനം വിട്ടൊഴിഞ്ഞ് അരവിന്ദ് കെജരിവാള്‍ ഡല്‍ഹിയെ മാത്രമല്ല, രാജ്യത്തെ ആകെത്തന്നെ അമ്പരപ്പിച്ചത്. അധികാരത്തിലേറി ആദ്യ നിയമസഭാ സമ്മേളനത്തില്‍ തന്നെ ലോക്പാല്‍ ബില്‍ അവതരിപ്പിക്കും എന്ന വാഗ്ദാനം പാലിക്കാനാവാത്തതിനെത്തുടര്‍ന്നായിരുന്നു രാജി. അതു കെജരിവാളിന്റെ രാഷ്ട്രീയാന്ത്യമാണെന്നു വിലയിരുത്തിയവര്‍ ഏറെ. എന്നാല്‍ പിറ്റേ വാലന്റൈന്‍ ദിനത്തില്‍ ഡല്‍ഹിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി കെജരിവാള്‍ അധികാരത്തില്‍ തിരിച്ചെത്തി. ഇപ്പോഴിതാ, മറ്റൊരു വാലന്റൈന്‍ ദിനം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ അധികാരത്തില്‍ മൂന്നാമൂഴം. ഇന്നാവട്ടെ കെജരിവാളിന്റെ ഭാര്യ സുനിതയുടെ ജന്മദിനവും.

യുപിഎ ഭരണകാലത്തു നിത്യേനയെന്നോണം ഉയര്‍ന്നുവന്ന അഴിമതിയാരോപണങ്ങളില്‍ രാജ്യം തിളച്ച ദിനങ്ങളിലാണ് അരവിന്ദ് കെജരിവാള്‍ എന്ന ഐആര്‍എസ് ഉദ്യോഗസ്ഥന്‍ ദേശീയ രാഷ്ട്രീയത്തിന്റെ പൂമുഖത്തേക്ക് എത്തുന്നത്. കോണ്‍ഗ്രസിനും യുപിഎ സര്‍ക്കാരിനുമെതിരെ അഴിമതി വിരുദ്ധ പോരാട്ടത്തിനു നേതൃത്വം നല്‍കിയ അന്ന ഹസാരെയുടെ വലംകൈ ആയിരുന്നു കെജരിവാള്‍. ഹസാരെ പ്രസ്ഥാനത്തിന്റെ ജനകീയത നല്‍കിയ ബലത്തില്‍നിന്നാണ് കെജരിവാള്‍ ആം ആദ്മി പാര്‍ട്ടിക്കു രൂപം നല്‍കുന്നത്. ഹസാരെയ്ക്കു പക്ഷേ താത്പര്യമുണ്ടായിരുന്നില്ല,് അതിനോട്.

ഹസാരെയുമായി പിരിഞ്ഞ് 2012ല്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയ കെജരിവാള്‍ തൊട്ടടുത്ത വര്‍ഷം കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ഭരണത്തിലെത്തി. ന്യൂഡല്‍ഹി മണ്ഡലത്തില്‍, കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരെ മത്സരിച്ചാണ് കെജരിവാള്‍ സഭയില്‍ എത്തിയത്. ഡല്‍ഹിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍ക്കാരിന്റെ പ്രതിജ്ഞ ജനകീയ ഉത്സവമായി മാറുന്നതാണ് അന്നു രാംലീലാ മൈതാനം കണ്ടത്. ആയിരങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു മൈതാനത്തേക്ക്. വാഗ്ദാനം ചെയ്തപോലെ ലോക്പാല്‍ ബില്‍ കൊണ്ടുവരാനാവാതിരുന്ന കെജരിവാള്‍ 49 ദിവസത്തിനൊടുവില്‍ രാജിവച്ചൊഴിച്ചു. ഡല്‍ഹി രാഷ്ട്രപതി ഭരണത്തിലായി.

അന്നാ ഹസാരെയുമായുള്ള പിണക്കവും ലോക്പാല്‍ ബില്ലിന്റെ കാര്യത്തിലെ പിന്നോട്ടുപോക്കുമെല്ലാം കെജരിവാളിന്റെ രാഷ്ട്രീയ മുന്നോട്ടുപോക്കിനു വിഘാതമാവുമെന്നായിരുന്നു രാഷ്ട്രീയ പണ്ഡിതരുടെ വിലയിരുത്തല്‍. ദേശീയ രാഷ്ട്രീയത്തില്‍ മോദി തരംഗം വീശിയടിച്ച കാലത്ത് കെജരിവാളിന്റെ മടങ്ങിവരവ് ഏതാണ്ട് എല്ലാവരും എഴുതിത്തള്ളി. 2015ലെ വാലന്റൈന്‍സ് ഡേയില്‍ കെജരിവാള്‍ പുറത്തെടുത്തത് മറ്റൊരു വിസ്മയമായിരുന്നു. 70 അംഗങ്ങളുള്ള ഡല്‍ഹി നിയമസഭയില്‍ 67 പേരുടെ വിജയം. കോണ്‍ഗ്രസിനെ പാടേ തൂത്തെറിഞ്ഞ തെരഞ്ഞെടുപ്പില്‍ മോദിയുടെ ബിജെപിയെയും കെജരിവാള്‍ നിഷ്പ്രഭമാക്കി.

കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ആം ആദ്മി പാര്‍ട്ടി ഏറെ മാറി. കെജരിവാളിനൊപ്പം സ്ഥാപകനേതാക്കളായ പലരും പല തട്ടകങ്ങളിലായി. യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും കുമാര്‍ ബിശ്വാസുമെല്ലാം കെജിരിവാളുമായി തെറ്റി പാര്‍ട്ടി വിട്ടു. സ്വേച്ഛാധിപത്യത്തോടെ പെരുമാറുന്നതായി ആരോപണങ്ങള്‍ വന്നു. ഇതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹി ബിജെപി തൂത്തുവാരി. ഇതിനെല്ലാം പിന്നാലെയിരുന്നു ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ്.

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് കെജരിവാളിനുണ്ടായ മാറ്റമാണ് ആം ആദ്മിയെ വീണ്ടും ഭരണത്തിലെത്തിച്ചെന്ന് കരുതുന്ന രാഷ്ട്രീയ ചിന്തകര്‍ ഒട്ടേറെയാണ്. ഇക്കഴിഞ്ഞ വര്‍ഷം വലിയ വിവാദങ്ങള്‍ക്കൊന്നും കെജരിവാള്‍ നിന്നുകൊടുത്തില്ല. കേന്ദ്ര സര്‍ക്കാരുമായും ലഫ്റ്റനന്റ് ഗവര്‍ണറുമായും നിരന്തമായുണ്ടായിരുന്ന ശീതയുദ്ധം അവസാനിപ്പിച്ചു. ദേശീയ തലത്തില്‍ ചര്‍ച്ചയായ രാഷ്ടീയ വിഷയങ്ങളില്‍ പോലും ഭാഗഭാക്കായില്ല, ആം ആദ്മി പാര്‍ട്ടി. അതു ഡല്‍ഹിയില്‍ മാത്രം കേന്ദ്രീകരിച്ചുനിന്നു. വെള്ളം, വൈദ്യുതി, വൈഫൈ ഇങ്ങനെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളിലേക്ക് ഇറങ്ങിനിന്നു, അതില്‍ മാത്രമായി നിന്നു. അതാണ് ഈ വാലന്റൈന്‍സ് ദിനത്തില്‍ കെജരിവാളിനെ വീണ്ടും വിജയിയാക്കിയതെന്ന് അവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com