ഷീല ദീക്ഷിത്തിന് പിന്നാലെ ഹാട്രിക് നേട്ടം ; മുഖ്യമന്ത്രി പദത്തില്‍ കെജരിവാളിന് മൂന്നാമൂഴം

ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ലീഡ് ചെയ്യുകയാണ്
ഷീല ദീക്ഷിത്തിന് പിന്നാലെ ഹാട്രിക് നേട്ടം ; മുഖ്യമന്ത്രി പദത്തില്‍ കെജരിവാളിന് മൂന്നാമൂഴം

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും ഭരണം ഉറപ്പിച്ചു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് എഎപി ഡല്‍ഹിയില്‍ അധികാരത്തുടര്‍ച്ച ഉറപ്പാക്കിയത്. 57 സീറ്റുകളിലാണ് ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുന്നത്. അതേസമയം കഴിഞ്ഞ തവണ മൂന്നു സീറ്റില്‍ ഒതുങ്ങിയ ബിജെപി ഇത്തവണ നില മെച്ചപ്പെടുത്തി. മൂന്നില്‍ നിന്നും 13 ആക്കി അംഗസംഖ്യ ഉയര്‍ത്തി.

ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ 10000 ലേറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. സീലംപൂരില്‍ എഎപിയുടെ അബ്ദുള്‍ റഹ്മാന്‍ വിജയിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം അരങ്ങേറിയ ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഓഖ്‌ല മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി ലീഡ് തിരിച്ചുപിടിച്ചു. എപെിയുടെ അമാനത്തുള്ള ഖാനാണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ ബ്രഹാം സിങുമായി ഇവിടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

ലോക്പാലിനായി അണ്ണാഹസാരെ നടത്തിയ നിരാഹര സമരത്തിലൂടെ പൊതുരംഗത്ത് ശ്രദ്ധേയനായ അരവിന്ദ് കെജരിവാള്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെക്കുന്നത്. തുടര്‍ച്ചയായി മൂന്നുവട്ടം അധികാരത്തിലേറിയ കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിത് ഭരണത്തെ 2013 ലെ തെരഞ്ഞെടുപ്പില്‍ ജനം തോല്‍പ്പിച്ചു.

ഈ തെരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടിയ എഎപി രണ്ടാമത്തെ വലിയ കക്ഷിയായി മാറി.  കോണ്‍ഗ്രസിന്റെ സോപാധിക പിന്തുണയോടെ അരവിന്ദ് കെജരിവാള്‍ മുഖ്യമന്ത്രിയായി. എന്നാല്‍ 49 ദിവസം മാത്രമാണ് ആദ്യ എഎപി സര്‍ക്കാര്‍ ഭരണം നീണ്ടു നിന്നത്. ജന്‍ലോക്പാല്‍ ബില്ലിനെച്ചൊല്ലി കോണ്‍ഗ്രസ് ഉടക്കിയതോടെ കെജരിവാള്‍ രാജിവെച്ചു. തുടര്‍ന്ന് ഒരു വര്‍ഷത്തോളം ഡല്‍ഹി രാഷ്ട്രപതി ഭരണത്തിലായി

2015 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 70 സീറ്റില്‍ 67 സീറ്റ് നേടി മൃഗീയ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തില്‍ തിരിച്ചെത്തിയത്. ബിജെപി മൂന്നു സീറ്റില്‍ ഒതുങ്ങി. ഒന്നര പതിറ്റാണ്ട് രാജ്യതലസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് ഒരു സീറ്റിലും വിജയിക്കാനാകാതെ നാമാവശേഷമായി. കഴിഞ്ഞ തെരഞ്ഞെടുപ്പിന് സമാനമായി ഇത്തവണയും മികച്ച മുന്നേറ്റമാണ് എഎപി കാഴ്ച വെക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com