കൊല്‍ക്കത്ത മെട്രോ ഉദ്ഘാടനത്തിന്റെ ക്ഷണക്കത്തില്‍ മമതയുടെ പേരില്ല; ചര്‍ച്ച കൊഴുക്കുന്നു

കൊല്‍ക്കത്ത മെട്രോയുടെ വിപുലീകരണ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പേരില്ല
കൊല്‍ക്കത്ത മെട്രോ ഉദ്ഘാടനത്തിന്റെ ക്ഷണക്കത്തില്‍ മമതയുടെ പേരില്ല; ചര്‍ച്ച കൊഴുക്കുന്നു

കൊല്‍ക്കത്ത: കൊല്‍ക്കത്ത മെട്രോയുടെ വിപുലീകരണ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പേരില്ല. ഈസ്റ്റ്- വെസ്റ്റ് മെട്രോ ഇടനാഴിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് പുറത്തിറക്കിയ ക്ഷണക്കത്തിലാണ് മമത ബാനര്‍ജിയുടെ പേര് വിട്ടു പോയിരിക്കുന്നത്. ഇത് മനഃപൂര്‍വ്വം വിട്ടുപോയതാണോ, അബദ്ധവശാല്‍ സംഭവിച്ചതാണോ എന്നതിനെ സംബന്ധിച്ചുളള ചര്‍ച്ച കൊഴുക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും പ്രധാന വിമര്‍ശകരില്‍ ഒരാള്‍ എന്ന നിലയില്‍ മനഃപൂര്‍വ്വം ഒഴിവാക്കിയതാണ് എന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം ഇത് അബദ്ധവശാല്‍ സംഭവിച്ചതാണ് എന്നാണ് മറുവിഭാഗം വാദിക്കുന്നത്. ഇന്ന് വൈകീട്ട് അഞ്ചുമണിക്കാണ് ഈസ്റ്റ് വെസ്റ്റ് മെട്രോ ഇടനാഴിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം.

സാള്‍ട്ട് ലേക്ക് സെക്ടര്‍ അഞ്ചിനെയും സാല്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തെയും ബന്ധിപ്പിച്ചു കൊണ്ടുളള ആദ്യഘട്ട നിര്‍മ്മാണമാണ് പൂര്‍ത്തിയായിരിക്കുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് ഉദ്ഘാടകന്‍. ബംഗാളില്‍ നിന്നുളള കേന്ദ്രമന്ത്രിയായ ബാബുല്‍ സുപ്രിയോയും ചടങ്ങില്‍ സംബന്ധിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയായ മമത ബാനര്‍ജിയുടെ പേര് പരിപാടിയില്‍ ഇടംപിടിക്കാത്തതാണ് വിവാദമായിരിക്കുന്നത്.

1984ന് ശേഷമുളള രണ്ടാമത്തെ പാതയായാണ് ഈസ്റ്റ്- വെസ്റ്റ് മെട്രോ ഇടനാഴിയെ കാണുന്നത്. നോര്‍ത്തിനെയും സൗത്തിനെയും ബന്ധിപ്പിച്ചുകൊണ്ടുളള പാതയാണ് നിലവില്‍ ഉളളത്. ഈ പാതയുടെ ഭാഗമായി നിര്‍മ്മാണം പുരോഗമിക്കുന്ന അണ്ടര്‍വാട്ടര്‍ ടണല്‍ ഇതിനോടകം തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ആറു സ്റ്റേഷനുകളുളള പന്ത്രണ്ട് കിലോമീറ്റര്‍ പാതയാണ് ഇന്ന് തുറന്നു കൊടുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com