'ടെറി' ഡയറക്ടറും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ രാജേന്ദ്ര കെ പച്ചൗരി അന്തരിച്ചു

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നു ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു
'ടെറി' ഡയറക്ടറും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ രാജേന്ദ്ര കെ പച്ചൗരി അന്തരിച്ചു

ന്യൂഡല്‍ഹി: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ടെറി മുന്‍ ഡയറക്ടറുമായ ഡോ. രാജേന്ദ്ര കെ. പച്ചൗരി അന്തരിച്ചു. 79 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നു ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 2007ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പങ്കിട്ട യുഎന്‍ കാലാവസ്ഥാമാറ്റ ഗവേഷണ സമിതിയുടെ (ഐപിസിസി) അധ്യക്ഷനായിരുന്നു.

വാരാണസിയിലെ ഡീസല്‍ ലോക്കോമോട്ടീവില്‍ എന്‍ജിനീയറായിട്ടായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്. യുഎസില്‍ നിന്ന്  ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്ങിലും സാമ്പത്തിക ശാസ്ത്രത്തിലും ഡോക്ടറേറ്റ് നേടിയ അദ്ദേഹം അവിടെ അധ്യാപന ജീവിതം തുടര്‍ന്നു.  1975ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയ അദ്ദേഹം പിന്നീട് ടെറി ആയി മാറിയ ടാറ്റാ എന്‍ജി. റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഡയറക്ടര്‍ ജനറല്‍ ആയി.

ഗവേഷണത്തിനു സര്‍ക്കാര്‍ ഗ്രാന്റുകളും വിദേശ സഹായവുമൊക്കെ വാങ്ങുന്ന രീതിയില്‍നിന്നു ടെറിയെ, ഗവേഷണ ഫല മാര്‍ക്കറ്റിങ്ങിലൂടെ സ്വയംപര്യാപ്ത സ്ഥാപനമായി വളര്‍ത്തിയതിനു ശേഷമാണു പച്ചൗരി ഐപിസിസി അധ്യക്ഷനായത്. അന്തരീക്ഷ പഠന വിദഗ്ധര്‍, സമുദ്ര ഗവേഷകര്‍, മഞ്ഞു ഗവേഷകര്‍, സാമ്പത്തിക വിദഗ്ധര്‍ തുടങ്ങി ആയിരക്കണക്കിനു പേരടങ്ങുന്നതാണ് ഐപിസിസി.

ഭൂമിക്കും മനുഷ്യനും ഹാനികരമായ കാലാവസ്ഥാ മാറ്റത്തെപ്പറ്റിയുള്ള ബോധവല്‍ക്കരണ ശ്രമങ്ങളാണു നൊബേല്‍ ബഹുമതിക്കു ഐപിസിസിയെ അര്‍ഹമാക്കിയത്. നൂറ്റിമുപ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരും ഗവേഷകരും ഉള്‍പ്പെടുന്ന ഐപിസിസിയെ കൃത്യതയുള്ള ലക്ഷ്യബോധത്തോടെയാണു പച്ചൗരി നയിച്ചത്. ആഗോളതാപനം മുതല്‍ അപ്രതീക്ഷിത പ്രളയം വരെ മനുഷ്യജനിതമാണെന്ന് ഐപിസിസി കാര്യകാരണസഹിതം വ്യക്തമാക്കിക്കൊണ്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com