മരണവാറണ്ട് ഇല്ല, വാദം തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി; കോടതിക്ക് മുന്‍പില്‍ മുദ്രാവാക്യം വിളികള്‍

നിര്‍ഭയ കേസില്‍ നാലു പ്രതികള്‍ക്കെതിരെ പുതിയ മരണവാറണ്ട് ഉടന്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഡല്‍ഹി പട്യാല ഹൗസ് കോടതി മാറ്റി വച്ചു
മരണവാറണ്ട് ഇല്ല, വാദം തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി; കോടതിക്ക് മുന്‍പില്‍ മുദ്രാവാക്യം വിളികള്‍

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ നാലു പ്രതികള്‍ക്കെതിരെ പുതിയ മരണവാറണ്ട് ഉടന്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഡല്‍ഹി പട്യാല ഹൗസ് കോടതി മാറ്റി വച്ചു. രാഷ്ട്രപതി ദയാഹര്‍ജി തളളിയതിനെതിരെയുളള പ്രതി വിനയ് ശര്‍മ്മയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി നാളെ വിധി പറയാനിരിക്കുന്നത് ചൂണ്ടിക്കാണിച്ചാണ് നിര്‍ഭയുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി വാദം കേള്‍ക്കുന്നത് നീട്ടിയത്. ഫെബ്രുവരി 17നാണ് ഹര്‍ജിയില്‍ തുടര്‍ന്ന് കോടതി വാദം കേള്‍ക്കുക.

അതേസമയം മരണവാറണ്ട് പുറപ്പെടുവിക്കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗവും വധശിക്ഷ നടപ്പാക്കുന്നതിനെ എതിര്‍ത്ത് മറ്റൊരു വിഭാഗവും പട്യാല കോടതിക്ക് മുന്‍പില്‍ പ്രതിഷേധ പ്രകടനം നടത്തി. മരണവാറണ്ട് ഉടന്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘമാണ് പ്രതിഷേധിച്ചത്. വധശിക്ഷ നടപ്പാക്കരുത് എന്ന് ആവശ്യപ്പെട്ടാണ് പ്രതികളുടെ ബന്ധുക്കള്‍ മറുവശത്ത് പ്രകടനം നടത്തിയത്.

പുതിയ മരണവാറണ്ട് ആവശ്യപ്പെട്ടുളള ഹര്‍ജി പരിഗണിക്കുന്നതിനിടെ, പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ എ പി സിങ് പിന്മാറിയിരുന്നു. മറ്റ് പ്രതികളുടെ അഭിഭാഷകരും പവന്റെ കേസ് ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. ഇതോടെ കോടതി ഡല്‍ഹി നിയമസഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ പട്ടിക തേടി. ശിക്ഷ നടപ്പാക്കുന്നത് നീട്ടാനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചേ മതിയാകൂ എന്ന് കോടതി പ്രതികരിച്ചു. പവന്‍ ഗുപ്തയ്ക്ക് നിയമപരമായ പ്രാതിനിധ്യം വാഗ്ദാനം ചെയ്യുന്നതിനെ നിര്‍ഭയയുടെ പിതാവ് എതിര്‍ത്തുവെങ്കിലും ശിക്ഷിക്കപ്പെട്ട ഏതൊരാള്‍്ക്കും അവസാന ശ്വാസം വരെ നിയമസഹായം ലഭിക്കണമെന്നാണ് കോടതിയുടെ തീരുമാനമെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദര്‍ റാണ പറഞ്ഞു.ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി വാദം കേള്‍ക്കുന്നത് നീട്ടിവെച്ചത്.

കോടതി വ്യാഴാഴ്ച മരണവാറണ്ട് പുറപ്പെടുവിക്കുകയാണെങ്കില്‍ സ്വാഭാവികമായും അത് ഭരണണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരമുള്ള നീതിയുക്തമായ വിചാരണയും തുടര്‍നടപടികളും എന്ന അവകാശം ലംഘിക്കുന്നതിന് തുല്യമാണെന്നും പ്രതികള്‍ കോടതിയില്‍ വാദിച്ചു. ഇതും കണക്കിലെടുത്താണ് ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

നിര്‍ഭയയുടെ അമ്മ ആശാദേവി വികാരഭരിതയായാണ് കോടതിയുടെ തീരുമാനത്തെ സ്വീകരിച്ചത്. തനിക്ക് കോടതിയില്‍ വിശ്വാസമുണ്ട്. എന്നാല്‍ മരണവാറണ്ട് പുറപ്പെടുവിച്ചില്ല എങ്കില്‍ അടുത്ത ദിവസവും ഇതേ വിശ്വാസത്തോടെയും പ്രതീക്ഷയോടെയും കോടതിയില്‍ വരേണ്ടി വരുമെന്നും ആശാദേവി പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com