ഇന്ത്യ ഞെട്ടിവിറച്ച പ്രണയദിനം; നാല്‍പ്പത് ധീരന്‍മാരുടെ ജീവത്യാഗത്തിന് ഒരാണ്ട്; അണയാ കനലായി പുല്‍വാമ
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th February 2020 11:10 AM |
Last Updated: 14th February 2020 11:10 AM | A+A A- |

രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച നാല്‍പ്പത് വീര ജവാന്‍മാരുടെ ഓര്‍മ്മയ്ക്ക് ഇന്ന് ഒരാണ്ട്. 2019 ഫെബ്രുവരി പതിനാലിനായിരുന്നു രാജ്യത്തെ നടുക്കിക്കൊണ്ട് കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് സൈനിക വ്യൂഹത്തിന് നേരെ ചാവേര്‍ ആക്രമണം നടന്നത്. ജെയ്‌ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തില്‍ വയനാട് സ്വദേശി വി വി വസന്തകുമാര്‍ ഉള്‍പ്പെടെയുള്ള നാല്‍പ്പത് ധീരജവാന്‍മാരുടെ ജീവന്‍ പൊലിഞ്ഞു. അതിലുമേറെ പേര്‍ക്ക് പരിക്കു പറ്റി. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയിലായിരുന്നു സിആര്‍പിഎഫിന്റെ എഴുപത് ബസുകള്‍ അടങ്ങിയ വാഹന വ്യൂഹം. 2500പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരുടെ നേര്‍ക്ക് സ്‌ഫോടകവസ്ഥുക്കള്‍ നിറച്ച ജീപ്പുമായി തീവ്രവാദി ഇടിച്ചു കയറുകയായിരുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പിന് രണ്ടു മാസം മുമ്പ് നടന്ന ആക്രമണം രാജ്യത്തെ പിടിച്ചുകുലുക്കി. ദേശവ്യാപകമായി പ്രതിഷേധങ്ങളുയര്‍ന്നു. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെല്ലാം ഉചിതമായ മറുപടി നല്‍കണം എന്ന് ഒരേ സ്വരത്തോടെ ആവശ്യപ്പെട്ടു. ദേശ സുരക്ഷയെക്കുറിച്ചുള്ള വലിയ ആശങ്കയും പ്രതിപക്ഷ കക്ഷികള്‍ മുന്നോട്ടുവച്ചു.
മറുപടി നല്‍കാനുള്ള സമയവും സ്ഥലും സൈന്യത്തിന് തെരഞ്ഞെടുക്കാമെന്നും പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നുവെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം.
ഐക്യരാഷ്ട്ര സഭയും ലേക രാജ്യങ്ങളും ആക്രമണത്തെ ശക്തമായി അപലപിച്ചു രംഗത്തെത്തി. തീവ്രവാദത്തിന് എതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ലോകാജ്യങ്ങള്‍ ഒന്നായി പിന്തുണ പ്രഖ്യാപിച്ചു.
പാകിസ്ഥാന്റെ ചിരകാല സുഹൃത്തായ ചൈന പോലും ആക്രമണത്തിന് എതിരെ രംഗത്തെത്തി. ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ പാസാക്കിയ ഭീകരവിരുദ്ധ പ്രമേയത്തെ ചൈന പിന്താങ്ങി. 2019 മെയ് ഒന്നിന് ജെയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസറിന്റെ ആഗോള ഭീകരനായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു.
ആക്രമണം നടന്ന് കൃത്യം പന്ത്രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഇന്ത്യയുടെ പക പാകിസ്ഥാനറിഞ്ഞു; ഫെബ്രുവരി 26ന്. പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകര ക്യാമ്പുകള്‍ക്ക് മേലെ ഇന്ത്യന്‍ വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചു. ജെയ്ഷിന്റെ പാകിസ്ഥാനിലെ ഏറ്റവും വലിയ പരിശീലന ക്യാമ്പാണ് തകര്‍ത്തത്. പിറ്റേദിവസം പാക് അധീന കശ്മീരില്‍ പാകിസ്ഥാന്റെ എഫ്-16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു. പക്ഷേ ഇന്ത്യയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ പാക് പിടിയിലായി. നിരന്തരമായ ആഭ്യന്തര സമ്മര്‍ദങ്ങളുടെ ഫലമായി പാകിസ്ഥാന്‍ അദ്ദേഹത്തെ ഇന്ത്യക്ക് മടക്കി നല്‍കി.