കഴിഞ്ഞ ദിവസം ജാമ്യം, പിന്നാലെ കഫീല്‍ ഖാന് മേല്‍ ദേശീയ സുരക്ഷാ നിയമം; യോഗി സര്‍ക്കാരിന്റെ പ്രതികാര നടപടിയെന്ന് സഹോദരന്‍

സസ്‌പെന്‍ഷനില്‍ കഴിയുന്ന ഉത്തര്‍പ്രദേശിലെ ബിആര്‍ഡി മെഡിക്കല്‍ കോളജ് ഡോക്ടര്‍ കഫീല്‍ ഖാന് എതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി
കഴിഞ്ഞ ദിവസം ജാമ്യം, പിന്നാലെ കഫീല്‍ ഖാന് മേല്‍ ദേശീയ സുരക്ഷാ നിയമം; യോഗി സര്‍ക്കാരിന്റെ പ്രതികാര നടപടിയെന്ന് സഹോദരന്‍

ലക്‌നൗ: സസ്‌പെന്‍ഷനില്‍ കഴിയുന്ന ഉത്തര്‍പ്രദേശിലെ ബിആര്‍ഡി മെഡിക്കല്‍ കോളജ് ഡോക്ടര്‍ കഫീല്‍ ഖാന് എതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി.പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയ കഫീല്‍ ഖാന്‍ ജയിലില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ദേശീയ സുരക്ഷാ നിയമം ചുമത്തിയ പശ്ചാത്തലത്തില്‍ ജയില്‍ മോചനം നീളുകയാണ്.

അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തിയ പ്രസംഗത്തെ തുടര്‍ന്നാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. ഡിസംബര്‍ 12ലെ കഫീല്‍ ഖാന്റെ പ്രസംഗം പ്രകോപനപരമാണ് എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടി. ജനുവരി 29ന് മുംബൈയില്‍ നിന്നുമാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. വര്‍ഗീയ വിദ്വേഷത്തിന് ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അറസ്റ്റ്. ഈ കേസില്‍ തിങ്കളാഴ്ചയാണ് കഫീല്‍ ഖാന് ജാമ്യം ലഭിച്ചത്. വീണ്ടും കുറ്റം ആവര്‍ത്തിക്കരുത് എന്ന താക്കീതോടെ, 60000 രൂപയുടെ ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ ഉത്തര്‍പ്രദേശിലെ മഥുര ജയിലില്‍ കഴിയുന്ന കഫീല്‍ഖാനെ മോചിപ്പിച്ചിട്ടില്ല.

വെളളിയാഴ്ച രാവിലെയാണ് കഫീല്‍ഖാന് മേല്‍ ദേശീയ സുരക്ഷാ നിയമം ചുമത്തിയ കാര്യം അറിയുന്നതെന്ന് സഹോദരന്‍ ആദീല്‍ ഖാന്‍ പറയുന്നു. അതിനാല്‍ ഉടന്‍ തന്നെ ജയില്‍ മോചിതനാകാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. യോഗി സര്‍ക്കാര്‍ അദ്ദേഹത്തെ ഉന്നംവെയ്ക്കുകയാണെന്നും ആദീല്‍ ഖാന്‍ ആരോപിച്ചു.

കഴിഞ്ഞദിവസം പ്രത്യേക മെസഞ്ചര്‍ വഴിയാണ് ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കഫീല്‍ ഖാന് മേല്‍ എന്‍എസ്എ ചുമത്തിയ കാര്യം ജയില്‍ അധികൃതരെ അറിയിച്ചത്. ജാമ്യം ലഭിച്ചിട്ടും ജയില്‍ മോചനം വൈകുന്നത് ചൂണ്ടിക്കാട്ടി കഫീല്‍ ഖാന്റെ ബന്ധുക്കള്‍ അലിഗഡിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com