"അവർ രാജ്യ ദ്രോഹികളും ദേശ വിരുദ്ധരുമല്ല"; സിഎഎക്കെതിരെ പ്രതിഷേധിക്കാൻ ഹൈക്കോടതിയുടെ അനുമതി

പൗരത്വ നിയമ ദേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ അനുമതി നിഷേധിച്ച വിഷയം പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം
"അവർ രാജ്യ ദ്രോഹികളും ദേശ വിരുദ്ധരുമല്ല"; സിഎഎക്കെതിരെ പ്രതിഷേധിക്കാൻ ഹൈക്കോടതിയുടെ അനുമതി

മുംബൈ: സമാധാനപരമായി പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളെന്നും ദേശവിരുദ്ധരെന്നും വിളിക്കാനാകില്ലെന്ന ശ്രദ്ധേയ നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി. പൗരത്വ നിയമ ദേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ അനുമതി നിഷേധിച്ച വിഷയം പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ചിന്റെ നിര്‍ണായക നിരീക്ഷണം. 

ബീഡ് ജില്ലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ അനിശ്ചിതകാല പ്രതിഷേധം നടത്താന്‍ തീരുമാനിച്ചവര്‍ക്കാണ് അനുമതി നിഷേധിക്കപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ ഇഫ്‌തേഖര്‍ ഷൈഖ് എന്നയാളുടെ നേതൃത്വത്തില്‍ കോടതിയെ സമീപിച്ചു. ജസ്റ്റിസുമാരായ ടിവി നലാവഡെ, എംജി സെവ്‌ലിക്കര്‍ എന്നിരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിഎഎക്കെതിരെ പ്രതിഷേധിക്കാന്‍ കോടതി ഇവര്‍ക്ക് അനുമതി നല്‍കി.

പ്രതിഷേധം നടത്താന്‍ ജനുവരി 21ന് പൊലീസും ജനുവരി 31ന് മജിസ്‌ട്രേട്ടുമാണ് ഇവര്‍ക്ക് അനുമതി നിഷേധിച്ചത്. മജല്‍ഗാവിലെ ഓള്‍ഡ് ഈദ്ഗാഹ് മൈതാനത്ത് അനിശ്ചിതകാല സമരം നടത്താനായിരുന്നു പ്രതിഷേധക്കാർ ഉദ്ദേശിച്ചത്. സമാധാനപരമായി പ്രതിഷേധിക്കുക എന്നതു മാത്രമായിരുന്നു ഹര്‍ജിക്കാരനും കൂടെയുള്ളവരും ആഗ്രഹിച്ചിരുന്നതെന്ന് കോടതി കണ്ടെത്തി. 

"ഒരു നിയമത്തിനെതിരെ പ്രതിഷേധിക്കുന്നു എന്നതുകൊണ്ടു മാത്രം ആരെയും രാജ്യദ്രോഹികളെന്നും ദേശവിരുദ്ധരെന്നും വിളിക്കാനാകില്ല. ഇതൊരു പ്രതിഷേധ പ്രകടനം മാത്രമാണ്" കോടതി നിരീക്ഷിച്ചു. സമരക്കാര്‍ക്ക് പ്രതിഷേധം നടത്താന്‍ അനുമതി നിഷേധിച്ച പോലീസിന്റെയും മജിസ്‌ട്രേറ്റിന്റെയും ഉത്തരവുകളും കോടതി റദ്ദാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com