തിരക്കുകൾ കാരണം സമയമില്ല; ഐഎഎസുകാരനും ഐപിഎസുകാരിയും ഡ്യൂട്ടിക്കിടെ വിവാഹിതരായി; വിവാദം

യുവ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ ഓഫീസ് ഡ്യൂട്ടിക്കിടെ വിവാഹിതരായി
തിരക്കുകൾ കാരണം സമയമില്ല; ഐഎഎസുകാരനും ഐപിഎസുകാരിയും ഡ്യൂട്ടിക്കിടെ വിവാഹിതരായി; വിവാദം

കൊല്‍ക്കത്ത: ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ ആഡംബര വിവാഹത്തിന് സമയം കണ്ടെത്താനാവാതെ യുവ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ ഓഫീസ് ഡ്യൂട്ടിക്കിടെ വിവാഹിതരായി. ജോലിക്കിടെ തന്നെ വിവാഹിതരായ ഇവരുടെ നടപടി വിവാദമായി മാറുകയും ചെയ്തു. 

ഐഎഎസ് ഉദ്യോ​ഗസ്ഥനായ തുഷാർ സിം​ഗ്ലയും ഐപിഎസ് ഉ​ദ്യോ​ഗസ്ഥയായ നവ്ജ്യോത് സിമിയുമാണ് വിവാഹിതരായത്. പശ്ചിമ ബംഗാളിലെ ഉലുബേരിയയിലെ സബ് ഡിവിഷണല്‍ ഓഫീസിലാണ് തുഷാര്‍ സിംഗ്ല സേവനം ചെയ്യുന്നത്. പട്നയിലെ ഡിഎസ്പി ഓഫീസിലാണ് നവ്ജ്യോത് സിമിക്ക് ജോലി. 2015 പശ്ചിമ ബംഗാള്‍ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് തുഷാര്‍, 2017ലെ ബിഹാര്‍ കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥയാണ് സിമി. പഞ്ചാബ് സ്വദേശികളായ ഇരുവരും ഇന്നലെ ഡ്യൂട്ടിക്കിടെ വിവാഹിതരായതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. 

തുഷാര്‍ സിംഗ്ലയുടെ തിരക്കുകള്‍ നിമിത്തം വിവാഹം നീട്ടിവയ്ക്കേണ്ടി വരുന്ന സാഹചര്യം വന്നതോടെയാണ് ഓഫീസ് കതിര്‍മണ്ഡപമാക്കാന്‍ ഇവര്‍ തീരുമാനിച്ചത്. പട്നയില്‍ നിന്ന് ഇന്നലെ രാവിലെ നവ്ജ്യോത് സിമി സിംഗ്ലയുടെ ഓഫീസിലെത്തുകയായിരുന്നു. ചുവന്ന സാരി ധരിച്ച് വധുവും സ്യൂട്ട് ധരിച്ച് വരനും വരന്‍റെ ഓഫീസില്‍ വച്ച്  രജിസ്റ്ററില്‍ ഒപ്പുവച്ചാണ് വിവാഹിതരായത്. ഇരുവരും ചേര്‍ന്ന് ക്ഷേത്ര ദര്‍ശനം കൂടി നടത്തിയതോടെ വിവാഹം പൂര്‍ത്തിയായി. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പിന്നീട്  വിരുന്ന് നല്‍കുമെന്ന് ദമ്പതികള്‍ വ്യക്തമാക്കി. 

ഓഫീസില്‍ വച്ച് നടന്ന വിവാഹ വിശേഷങ്ങള്‍ പുറത്ത് വന്നതോടെ ആശംസകളും ഒപ്പം വിമര്‍ശനങ്ങളും ദമ്പതികളെ തേടിയെത്തുന്നുണ്ട്. ഡിവിഷണല്‍ ഓഫീസിനെ കതിര്‍മണ്ഡപമാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ ദമ്പതികളെ പിന്തുണച്ച് മന്ത്രി അരുപ് റോയിയെത്തി. ഒപ്പുവയ്ക്കുക മാത്രമാണ് നടന്നത്. മറ്റ് ചടങ്ങുകള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. അതിനാല്‍ ദമ്പതികളുടെ നടപടിയില്‍ തെറ്റില്ലെന്നാണ് അരൂപ് റോയി പ്രതികരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com