തൊഴിലാളികള്‍ക്കുള്ള ഇഎസ്‌ഐ പ്രസവാനുകൂല്യം 7500 രൂപയാക്കി

ഇഎസ്‌ഐയുടേതല്ലാത്ത ആശുപത്രികളില്‍ നടക്കുന്ന പ്രസവങ്ങള്‍ക്കുള്ള ആനുകൂല്യമാണ് കൂട്ടിയത്
തൊഴിലാളികള്‍ക്കുള്ള ഇഎസ്‌ഐ പ്രസവാനുകൂല്യം 7500 രൂപയാക്കി

ന്യൂഡല്‍ഹി; തൊഴിലാളികള്‍ക്കുള്ള ഇഎസ്‌ഐ പ്രസവാനുകൂല്യം 7500 രൂപയാക്കി ഉയര്‍ത്തി. നിലവിലെ 5000 ത്തില്‍ നിന്നാണ് 7500ആയി ഉയര്‍ത്തിയത്. കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗംഗവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇഎസ്‌ഐ കോര്‍പ്പറേഷന്‍ യോഗത്തിലാണ് തീരുമാനം. ഇഎസ്‌ഐയുടേതല്ലാത്ത ആശുപത്രികളില്‍ നടക്കുന്ന പ്രസവങ്ങള്‍ക്കുള്ള ആനുകൂല്യമാണ് കൂട്ടിയത്.

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പത്തുശതമാനം സംവരണം ഇഎസ്‌ഐ കോര്‍പ്പറേഷനും നടപ്പാക്കും. അടുത്ത അധ്യയനവര്‍ഷംമുതല്‍ ഇ.എസ്.ഐ. മെഡിക്കല്‍ സ്ഥാപനങ്ങളിലൊക്കെ ഇതു നടപ്പാവും.

കേരളത്തിലേതടക്കം രാജ്യത്തെ 531 ജില്ലകളില്‍ പ്രാദേശിക നിരീക്ഷണസമിതികളുണ്ടാക്കും. തൊഴിലുടമ, തൊഴിലാളി, സര്‍ക്കാര്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ടതാണ് ഈ സമിതി. ഇ.എസ്.ഐ. പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങളെല്ലാം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പ്രശ്‌നങ്ങള്‍ സമയത്ത് പരിഹരിക്കാനും സമിതി സഹായിക്കുമെന്നാണു വിലയിരുത്തല്‍.

ഇ.എസ്.ഐ. ആനുകൂല്യങ്ങള്‍ക്കുള്ള വേതനപരിധി 21,000 രൂപയുള്ളത് 25,000 രൂപയാക്കി ഉയര്‍ത്തണമെന്ന് യോഗത്തില്‍ ബോര്‍ഡംഗം വി. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഈ പരിധിക്കുപുറമേ, തൊഴിലാളികള്‍ക്ക് ആജീവനാന്ത ആനുകൂല്യം ലഭ്യമാക്കാനുള്ള നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ വിശദചര്‍ച്ചയ്ക്കുശേഷം തീരുമാനിക്കാമെന്നു തൊഴില്‍മന്ത്രി മറുപടിനല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com