കേന്ദ്ര നിലപാട് ലിംഗനീതിക്കു വിരുദ്ധം; വനിതകള്‍ക്കു സ്ഥിരം കമ്മിഷന്‍ അനുവദിക്കണമെന്ന് സുപ്രീം കോടതി

സ്ത്രീകളുടെ കഴിവിനെ കുറച്ചുകാണുന്ന നിലപാട് സ്ത്രീകള്‍ക്കു മാത്രമല്ല, ഇന്ത്യന്‍ സൈന്യത്തിനു തന്നെ അപമാനകരമാണെന്ന് കോടതി 
കേന്ദ്ര നിലപാട് ലിംഗനീതിക്കു വിരുദ്ധം; വനിതകള്‍ക്കു സ്ഥിരം കമ്മിഷന്‍ അനുവദിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സേനാ വിഭാഗങ്ങളില്‍ വനിതകള്‍ക്ക് സ്ഥിരം കമ്മിഷന്‍ നല്‍കാതിരിക്കുന്നത് ലിംഗ വിവേചനമെന്ന് സുപ്രീം കോടതി. 2010ല്‍ ഡല്‍ഹി ഹൈക്കോടതി വിധിയുണ്ടായിട്ടും സ്ഥിരം കമ്മിഷന്‍ നല്‍കാതിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സുപ്രീം കോടതി വിമര്‍ശിച്ചു. യുദ്ധമേഖലകളില്‍ ഒഴികെ മൂന്നു മാസത്തിനകം വനിതകള്‍ക്കു സുപ്രധാന പദവികളില്‍ നിയമനം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

2010ല്‍ ഹൈക്കോടതി വിധി വന്നിട്ടും ഒന്‍പതു വര്‍ഷം കഴിഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നയ രൂപീകരണം നടത്തിയത്. എട്ടു സ്ട്രീമുകളില്‍ വനിതകള്‍ക്കു സ്ഥിരം കമ്മിഷന്‍ നല്‍കാം എന്നായിരുന്നു നയം. ശാരീരീക പ്രത്യേകതകള്‍ സ്ഥിരം കമ്മിഷന്‍ നല്‍കുന്നതിനു മാനദണ്ഡമല്ലെന്നു വ്യക്തമാക്കിയാണ് 2019ല്‍ സര്‍ക്കാര്‍ നയം കൊണ്ടുവന്നത്. എന്നാല്‍ നയം രൂപീകരിച്ചതിനു ശേഷം അതു നടപ്പാക്കാതെ ഒഴിവു കഴിവു പറയുകയാണ് സര്‍ക്കാരെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. 

പുരുഷന്മാരുടെയും സ്ത്രീകളുടെയും ശാരീരികമായ കരുത്ത്, മാതൃത്വം, കുടുംബം എന്നിവയ്‌ക്കൊക്കെ ചൂണ്ടിക്കാട്ടിയാണ്, സ്ഥിരം കമ്മിഷന്‍ നല്‍കുന്നതിന് എതിരായി കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്ത്. ഇത് ലിംഗ സമത്വത്തിന്റെ ലംഘനമാണ്. അസ്വസ്ഥതയുണ്ടാക്കുന്ന വാദങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നയിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. 

സ്ത്രീകളുടെ കഴിവിനെ കുറച്ചുകാണുന്ന ഈ നിലപാട് സ്ത്രീകള്‍ക്കു മാത്രമല്ല, ഇന്ത്യന്‍ സൈന്യത്തിനു തന്നെ അപമാനകരമാണെന്ന് കോടതി വിമര്‍ശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com