നിര്‍ഭയ: വധശിക്ഷ മാര്‍ച്ച് മൂന്നിന് രാവിലെ ആറ് മണിക്ക്;  പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചു

രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ നാലുപേരുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന് നടപ്പാക്കണമെന്ന് കോടതി
നിര്‍ഭയ: വധശിക്ഷ മാര്‍ച്ച് മൂന്നിന് രാവിലെ ആറ് മണിക്ക്;  പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ നാലുപേരുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന് നടപ്പാക്കണമെന്ന് കോടതി. പ്രതികളായ മുകേഷ് സിങ്, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ എന്നിവരെ മാര്‍ച്ച് മൂന്നിന് രാവിലെ ആറ് മണിക്ക് തൂക്കിലേറ്റാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി മരണ വാറന്റ് പുറപ്പെടുവിച്ചു.

കേസില്‍ ഇത് മൂന്നാമത്തെ വാറന്റാണ് കോടതി പുറപ്പെടുവിക്കുന്നത്. നേരത്തെ പുറപ്പെടുവിച്ച മരണ വാറന്റുകള്‍ പ്രതികള്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നടപ്പാക്കാനായിരുന്നില്ല. ശിക്ഷിക്കപ്പെട്ട നാലുപേരില്‍ പവന്‍ ഗുപ്ത ഒഴികെയുള്ളവര്‍ നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിച്ചു കഴിഞ്ഞു. പവന്‍ ഗുപ്ത ഇനിയും തിരുത്തല്‍ ഹര്‍ജി നല്‍കിയിട്ടില്ലാത്തതിനാല്‍ മാര്‍ച്ച് മൂന്നിന് വധശിക്ഷ നടപ്പാക്കാനാവുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ജയില്‍ ചട്ടങ്ങള്‍ അനുസരിച്ച് സാധ്യതമായ എല്ലാ നിയമപരിഹാരവും തേടിയ ശേഷമേ വധശിക്ഷ നടപ്പാക്കാനാവു.

വധശിക്ഷ നീണ്ടുപോകുന്ന സാഹചര്യത്തില്‍ നിര്‍ഭയയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് പുതിയ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. അഡിഷണല്‍ സ്‌പെഷ്യല്‍ ജഡ്ജ് ധര്‍മ്മേന്ദ്ര റാണയാണ് വാറന്റ് പുറപ്പെടുവിച്ചത്. മരണ വാറന്റ് പുറപ്പെടുവിച്ചതില്‍ സന്തോഷമുണ്ടെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു. 2012 ഡിസംബര്‍ 23നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com