റെയിൽവേ സ്റ്റേഷനുകളിൽ ഇനി സൗജന്യ വൈഫൈ ലഭിക്കില്ല; സേവനം അവസാനിപ്പിക്കുന്നു

റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി മുതൽ സൗജന്യ വൈഫൈ സേവനം ലഭിക്കില്ല
റെയിൽവേ സ്റ്റേഷനുകളിൽ ഇനി സൗജന്യ വൈഫൈ ലഭിക്കില്ല; സേവനം അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി മുതൽ സൗജന്യ വൈഫൈ സേവനം ലഭിക്കില്ല. സേവനം അവസാനിപ്പിക്കുകയാണെന്ന് ​ഗൂഗിള്‍ അറിയിച്ചു. മൊബൈല്‍ ഡാറ്റാ പ്ലാനുകള്‍ ആളുകള്‍ക്ക് താങ്ങാവുന്ന നിലയിലെത്തിയതിനാലാണ് സേവനം അവസാനിപ്പിക്കുന്നതെന്നും ​ഗൂ​ഗിൾ വ്യക്തമാക്കി. 

സ്‌റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം നല്‍കുന്നത്‌ തങ്ങള്‍ക്കും പങ്കാളികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ​ഗൂ​ഗിൾ പറഞ്ഞു. മൊബൈൽ ഡാറ്റാ പ്ലാനുകൾ ആളുകൾക്ക് താങ്ങാവുന്ന നിലയിലാണിപ്പോൾ. കണക്ടിവിറ്റിയും മെച്ചപ്പെട്ടു. കൂടുതല്‍ ആളുകളും ഉപയോഗിക്കുന്നത് ഇപ്പോള്‍ മൊബൈല്‍ ഡാറ്റയാണ്. 

അഞ്ച് വര്‍ഷം മുൻപാണ് സൗജന്യ വൈഫൈ സേവനം ആരംഭിക്കുന്നത്. പിന്നിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വളരെ ലളിതവും വില കുറഞ്ഞതുമായി മാറി. ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്‌ ഇന്ത്യയില്‍ മൊബൈല്‍ ഡാറ്റ ലഭ്യമാകുന്നതെന്നും ​ഗൂ​ഗിൾ ചൂണ്ടിക്കാട്ടുന്നു. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൊബൈല്‍ ഡാറ്റാ നിരക്കില്‍ 95 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് ട്രായിയുടെ 2019ലെ റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യന്‍ ഉപയോക്താക്കള്‍ മാസം ശരാശരി 10 ജിബി ഡാറ്റ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലെ പ്രാദേശിക ഭരണകൂടങ്ങളടക്കം ഗ്രാമീണ മേഖലയിലും മറ്റും സൗജന്യ വൈഫൈ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇത് എല്ലാ ആളുകള്‍ക്കും എളുപ്പത്തിലും കുറഞ്ഞ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാനിടയാക്കിയതായും ​ഗൂ​ഗിൾ കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com