സഫാരിക്കിടെ ടൂറിസ്റ്റ് ബസിന് പിന്നാലെ കുതിച്ചു പാഞ്ഞ് കടുവ; ഞെട്ടിപ്പിക്കുന്ന വിഡിയോ; ജീവനക്കാരെ പുറത്താക്കി

വാഹനത്തിന്റെ ഡ്രൈവറെയും അതിലുണ്ടായിരുന്ന ടൂറിസ്റ്റ് ഗൈഡിനെയുമാണു പിരിച്ചുവിട്ടത്
സഫാരിക്കിടെ ടൂറിസ്റ്റ് ബസിന് പിന്നാലെ കുതിച്ചു പാഞ്ഞ് കടുവ; ഞെട്ടിപ്പിക്കുന്ന വിഡിയോ; ജീവനക്കാരെ പുറത്താക്കി

ജയ്പൂര്‍; വനത്തിലൂടെയുള്ള സഫാരിക്കിടെ ടൂറിസ്റ്റ് ബസിന് പിന്നാലെ കുതിക്കുന്ന കടുവയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ഛത്തീസ്​ഗഡ് ജയ്പൂരിലെ നന്ദൻവൻ വനത്തിലായിരുന്നു ഭയപ്പെടുത്തുന്ന സംഭവമുണ്ടായത്. തുടർന്ന് 2 ജീവനക്കാരുടെ പണി തെറിച്ചു. വാഹനത്തിന്റെ ഡ്രൈവറെയും അതിലുണ്ടായിരുന്ന ടൂറിസ്റ്റ് ഗൈഡിനെയുമാണു പിരിച്ചുവിട്ടത്. സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനാണ് നടപടി. 

വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. 2 കടുവകൾ തമ്മിൽ പോരടിക്കുന്നതും അതിലൊരെണ്ണം വാഹനത്തിനു പിന്നാലെ കുതിക്കുന്നതുമാണു ബസിനുള്ളിൽനിന്നു ചിത്രീകരിച്ച വിഡിയോയിൽ ഉള്ളത്. ബസിൽ ഒരു സംഘം വിനോദസഞ്ചാരികൾ ഉണ്ടായിരുന്നു. വണ്ടിയുടെ വേഗം കൂട്ടാൻ അവരിലൊരാൾ ഡ്രൈവറോട് ആവശ്യപ്പെടുന്നതു വിഡിയോയിൽ കേൾക്കാം. ബസിൽനിന്നു പുറത്തേക്കു കിടന്ന കർട്ടൻ തുണിയിൽ കടുവ കടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

വിഡിയോ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടിയെടുത്തത്. വണ്ടിയുടെ ഡ്രൈവര്‍ ഓംപ്രകാശ് ഭാരതി, ഗൈഡ് നവീന്‍ പുറെയ്‌ന എന്നിവരെയാണ് പിരിച്ചുവിട്ടത്. തങ്ങളുടെ പ്രാഥമിക അന്വേഷണത്തില്‍ നിന്ന് വിഡിയോ എടുത്തത് ഗൈഡാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മൃഗങ്ങളുടെയും സന്ദര്‍ശകരുടേയും സുരക്ഷ ഉറപ്പാക്കാനായി പരിശീലനം ലഭിച്ചവരാണ് ഗൈഡുകളും ഡ്രൈവര്‍മാരും എന്നാണ് ഇവര്‍ നിയമങ്ങള്‍ ലംഘിച്ചു എന്നാണ് സഫാരി ഡയറക്ടര്‍ എം മേഴ്‌സി ബെല്ല പറയുന്നത്. വാഹനം വേഗത്തില്‍ ഓടിച്ചുപോകുന്നതിന് പകരമായി സന്ദര്‍ഭം സാധാരണ നിലയിലാവുന്നതുവരെ കാത്തുനില്‍ക്കുകയാണ് വേണ്ടിയിരുന്നതെന്നും വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com