കാവിക്കൊടുങ്കാറ്റിലും പാറിപ്പോകാത്ത ചെങ്കൊടി; മഹാരാഷ്ട്രയില്‍ 58വര്‍ഷമായി സിപിഎം ഭരിക്കുന്ന 'ചുവന്ന ഭൂമി'

ത്രിപുരയിലും ബംഗാളിലും ചെങ്കൊടി വീണിട്ടും കേരളത്തിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ക്ക് സമാനമായി തലാസാരി മഹാരാഷ്ട്രയില്‍ ചെറിയ ചുവപ്പ് പൊട്ടായി നിലനില്‍ക്കുന്നു.
കാവിക്കൊടുങ്കാറ്റിലും പാറിപ്പോകാത്ത ചെങ്കൊടി; മഹാരാഷ്ട്രയില്‍ 58വര്‍ഷമായി സിപിഎം ഭരിക്കുന്ന 'ചുവന്ന ഭൂമി'

ശിവസേനയുടെയും പിന്നാലെ ബിജെപിയുടെയും കാവിക്കൊടികള്‍ ഉടനീളം പാറിയ മണ്ണാണ് മഹാരാഷ്ട്രയിലേത്. എന്നാല്‍ ബിജെപിക്കും ശിവസേനയ്ക്കും  എന്‍സിപിക്കും കോണ്‍ഗ്രസിനും ഒരുപോലെ തോറ്റ് മടങ്ങേണ്ടിവന്ന ഒരു പഞ്ചായത്തുണ്ട് മഹാരാഷ്ട്രയില്‍. പാല്‍ഘര്‍ ജില്ലയിലെ തലാസരി, ഇവിടെ 1962ലെ ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ 58 വര്‍ഷമായി പാറിപ്പറക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെങ്കൊടിയാണ്. 2020ലെ തെരഞ്ഞെടുപ്പിലും ഇവിടെ സിപിഎം തന്നെ അധികാരത്തിലെത്തിയിരിക്കുകയാണ്.

ത്രിപുരയിലും ബംഗാളിലും ചെങ്കൊടി വീണിട്ടും കേരളത്തിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ക്ക് സമാനമായി തലാസാരി മഹാരാഷ്ട്രയില്‍ ചെറിയ ചുവപ്പ് പൊട്ടായി നിലനില്‍ക്കുന്നു. സിപിഎമ്മിന്റെ നന്ദകുമാര്‍ ഹദലാണ് പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ്. വൈസ് പ്രസിഡന്റായി രാജേഷ് ഖര്‍പഡെ തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയാണ്. പഞ്ചായത്ത് സമിതിയില്‍ പത്തില്‍ എട്ട് സീറ്റും നേടിയാണ് സിപിഎം അധികാരത്തിലെത്തിയത്. സില പരിഷത്തില്‍ അഞ്ചില്‍ നാല് സീറ്റും സിപിഎം നേടി. പഞ്ചായത്ത് സമിതിയിലെ പത്ത് അംഗങ്ങളും ആദിവാസി വിഭഗത്തില്‍ നിന്നുള്ളവരാണ്.

1940മുതല്‍ പാര്‍ട്ടിയുടെ താഴേത്തട്ടിലുള്ള കൃത്യമായ പ്രവര്‍ത്തനം കൊണ്ടാണ് ഇപ്പോഴും പഞ്ചായത്തില്‍ ജയിക്കാന്‍ സാധിക്കുന്നതെന്ന് ദഹാനുവില്‍ നിന്നുള്ള സിപിഎം എംഎല്‍എ വിനോദ് നികോളെ പറഞ്ഞു. ഭൂമിക്കും കൃഷിക്കും വേണ്ടിയുള്ള ആദിവാസി പോരാട്ടങ്ങള്‍ക്ക് ഒപ്പം നിന്നതിനാലാണ് ജനങ്ങള്‍ ഇപ്പോഴും പാര്‍ട്ടിയെ കൈവിടാത്തതെന്നും നിക്കോളെ പറയുന്നു. മഹാരാഷ്ട്രയെ പിടിച്ചുകുലുക്കിയ 2018ലെ കിസാന്‍ ലോങ് മാര്‍ച്ചിന് ഇവിടെ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്.

സിപിഎമ്മിന് സംഘടനാസ്വാധീനുമുള്ള ജില്ലയാണ് പാല്‍ഘര്‍. 2020 തെരഞ്ഞെടുപ്പില്‍ ആറ് സിലാ പരിഷത് സീറ്റിലും 12 പഞ്ചായത്ത് സമിതി സീറ്റിലും സിപിഎം ജയിച്ചു. 2015ല്‍ മൂന്ന് സീറ്റിലൊതുങ്ങിയ സാഹചര്യത്തില്‍ നിന്നാണ് ഈ മാറ്റം. 35 വര്‍ഷമായി സിപിഎം ഭരണം തുടരുന്ന മറ്റൊരു പഞ്ചായത്തും മഹാരാഷ്ട്രയിലുണ്ട്. നാഷിക്കിലെ സുര്‍ഗണയാണിത്. 1978മുതല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പത്തില്‍ ഒമ്പത് തവണയും സിപിഎമ്മാണ് ദഹാനു നിയമസഭ സീറ്റില്‍ വിജയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com