ദിഗ്‌വിജയ് സിങ് ഭീകരരെ സഹായിച്ചിരുന്നോ? കോണ്‍ഗ്രസ് മറുപടി പറയണം; മുന്‍ കമ്മീഷണറുടെ വെളിപ്പെടുത്തല്‍ ആയുധമാക്കി ബിജെപി

ലഷ്‌കറെ തയിബയുടെയും ഐ എസ് ഐയുടെയും 26/11 പദ്ധതിയുമായി കോണ്‍ഗ്രസിന്റെ ഹിന്ദു തീവ്രവാദ പ്രചാരണവുമായി ബന്ധമുണ്ടെന്ന് സംശയിക്കാം
ദിഗ്‌വിജയ് സിങ് ഭീകരരെ സഹായിച്ചിരുന്നോ? കോണ്‍ഗ്രസ് മറുപടി പറയണം; മുന്‍ കമ്മീഷണറുടെ വെളിപ്പെടുത്തല്‍ ആയുധമാക്കി ബിജെപി

ഭോപ്പാല്‍: 26/11 മുംബൈ ഭീകാരാക്രമണം നടത്തിയത് ഹിന്ദു തീവ്രവാദികളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടന്നുവെന്ന മുംബൈ മുന്‍ കമ്മീഷണര്‍ രാകേഷ് മരിയയുടെ വെളിപ്പെടുത്തതില്‍ കോണ്‍ഗ്രസിനെതിരെ ആരോപണവുമായി ബിജെപി നേതാവ് ജി വി എല്‍ നരസിംഹ റാവു. ഇതിന് പിന്നില്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ് പ്രവര്‍ത്തിച്ചിരുന്നോ എന്നാണ് നരസിംഹ റാവു ചോദിച്ചിരിക്കുന്നത്.

'ലഷ്‌കറെ തയിബയുടെയും ഐ എസ് ഐയുടെയും 26/11 പദ്ധതിയുമായി കോണ്‍ഗ്രസിന്റെ ഹിന്ദു തീവ്രവാദ പ്രചാരണവുമായി ബന്ധമുണ്ടെന്ന് സംശയിക്കാം. തീവ്രവാദികള്‍ക്ക് ഹിന്ദു തീവ്രവാദ പരിവേഷം നല്‍കാന്‍ ഐ എസ് ഐയെ ഇന്ത്യയില്‍ നിന്ന് ആരെങ്കിലും സഹായിച്ചിട്ടുണ്ടോ? ഇതിനുവേണ്ടി ദിഗ്‌വിജയ് സിങ് പ്രവര്‍ത്തിച്ചിട്ടുണ്ടോ? കോണ്‍ഗ്രസ് മറപുടി നല്‍കണം'- നരസിംഹ റാവു പറഞ്ഞു.

പൊലീസ് പിടികൂടിയ ഭീകരന്‍ അജ്മല്‍ കസബിന്റെ കൈയില്‍നിന്ന് ബെംഗളൂരു വിലാസത്തില്‍ സമീര്‍ ചൗധരി എന്ന പേരിലുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെടുത്തിരുന്നതായി  'ലെറ്റ് മി സേ ഇറ്റ് നൗ' എന്ന തന്റെ പുസ്തകത്തില്‍ രാകേഷ് മരിയ പറഞ്ഞിരുന്നു. കസബ് വലതുകൈയില്‍ ചുവന്ന ചരട് കെട്ടിയതും തെറ്റിദ്ധാരണ സൃഷ്ടിക്കാനാണെന്ന് മരിയ പറയുന്നു.

പിടിയിലായ കസബിനെ ജയിലില്‍ കൊലപ്പെടുത്താന്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐ.യും ലഷ്‌കറും ദാവൂദ് ഇബ്രാഹിം സംഘത്തിന്റെ സഹായം തേടിയിരുന്നു. അവര്‍ തയ്യാറാക്കിയ പദ്ധതി നടന്നിരുന്നെങ്കില്‍ സമീര്‍ ചൗധരിയെന്നപേരില്‍ അറിയപ്പെട്ട് കസബ് മരിക്കുമായിരുന്നു. മാധ്യമങ്ങള്‍ കസബിനെ ഹിന്ദു തീവ്രവാദിയാക്കി വാര്‍ത്തകളും കൊടുത്തേനെ. കസബിനെക്കുറിച്ച് ഒരു വിവരവും പുറത്തുവരാതിരിക്കാന്‍ മുംബൈ പൊലീസ് ശ്രദ്ധിച്ചിരുന്നെങ്കിലും കേന്ദ്ര ഏജന്‍സി അയാളുടെ ചിത്രം പുറത്തുവിട്ടു. വലതുകൈയില്‍ ചുവന്ന ചരട് കെട്ടിയിരുന്ന കസബിനെ പലരും അന്ന് ഹിന്ദു തീവ്രവാദിയായി തെറ്റിദ്ധരിക്കുകയുംചെയ്തുവെന്ന് മരിയ പറയുന്നു.

നേരത്തെയും ദിഗ്‌വിജയ് സിങിന് എതിരെ  തീവ്രവാദികളെ സാഹിക്കുന്നു എന്ന ആരോപണം ബിജെപി ഉയര്‍ത്തിയിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ആരോപണം നടത്തിയത്. ഹിന്ദു ഭീകരതയുണ്ടെന്ന് വ്യാജ പ്രചാരണം നടത്തിയ സിങ്, പാകിസ്ഥാന്‍ തീവ്രവാദികളെ സഹായിക്കുന്നുവെന്നായിരുന്നു ബിജെപിയുടെ ആരോപണം. താന്‍ ഭീകരരെ സഹായിച്ചതിന് തെളിവുണ്ടെങ്കില്‍ കേസെടുക്കുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സിങ് വെല്ലുവിളിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com