ഐഐടിയിലെ വിദ്യാര്‍ഥിനികളുടെ ശുചിമുറിയില്‍ വീഡിയോ പകര്‍ത്താന്‍ ശ്രമം; അധ്യാപകന്‍ പിടിയില്‍

ഫോണ്‍ വീഡിയോ ക്യാമറ ഓണ്‍ ചെയ്ത് ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യുന്ന നിലയിലായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: മദ്രാസ് ഐഐടിയിലെ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളി ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. ഐഐടി എയറോസ്‌പേസ് എന്‍ജിനീയറിങ് വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ശുഭം ബാനര്‍ജിയാണ് പിടിയിലായത്. ശുചിമുറിയിൽ ക്യാമറ കണ്ടെത്തിയ വിദ്യാര്‍ത്ഥിനിയും ജീവനക്കാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകൻ കയ്യോടെ പിടിയിലാകുന്നത്.

കഴിഞ്ഞ ദിവസം ഐഐടി ക്യാമ്പസിൽ എയ്റോസ്പേസ് ഡിപ്പാർട്ട്മെന്റിന് സമീപത്തെ ലാബിനോട് ചേർന്നുള്ള സ്ത്രീകളുടെ ശുചിമുറിയില്‍ നിന്നാണ് അധ്യാപകന്‍ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചത്. മുപ്പതുവയസ്സുകാരിയായ ഗവേഷക വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ കയറിയപ്പോഴാണ്
ഭിത്തിയിലെ ദ്വാരത്തിൽ ക്യാമറ കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍  ഫോണ്‍ വീഡിയോ ക്യാമറ ഓണ്‍ ചെയ്ത് ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യുന്ന നിലയിലായിരുന്നു.

ഉടന്‍തന്നെ വിദ്യാര്‍ഥിനി ബഹളം വെയ്ക്കുകയും സമീപത്തെ പുരുഷന്മാരുടെ ശുചിമുറിക്കുള്ളിലുണ്ടായിരുന്നവരെ പൂട്ടിയിടുകയും ചെയ്തു. സുരക്ഷാ ജീവനക്കാരെത്തി പുരുഷന്മാരുടെ ശുചിമുറി തുറന്ന് അവിടെയുണ്ടായിരുന്നവരെ പരിശോധിച്ചപ്പോഴാണ് ഫോണ്‍ ശുഭം ബാനര്‍ജിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com