'പ്രിയപ്പെട്ട അനാബിയ, കുറച്ച് സമ്മാനങ്ങള്‍ അയക്കുന്നു; ധൈര്യശാലിയായ പെണ്‍കുട്ടിയായിരിക്കുക'- പ്രിയങ്കയുടെ കത്ത്

'പ്രിയപ്പെട്ട അനാബിയ, കുറച്ച് സമ്മാനങ്ങള്‍ അയക്കുന്നു; ധൈര്യശാലിയായ പെണ്‍കുട്ടിയായിരിക്കുക'- പ്രിയങ്കയുടെ കത്ത്

എന്നും എന്റെ ധൈര്യശാലിയായ പെണ്‍കുട്ടിയായിത്തന്നെയിരിക്കുക. എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിക്കാം

ലഖ്‌നോ: ആറുവയസുകാരിക്ക് പ്രിയങ്കാഗാന്ധിയുടെ സ്‌നേഹസമ്മാനം. ഉത്തര്‍പ്രദേശിലെ അസംഗഢിലുള്ള അനാബിയ ഇമാമിനാണ് പ്രിയങ്കാ ഗാന്ധിയുടെ കത്തും സമ്മാനങ്ങളും ലഭിച്ചത്. ഒരാഴ്ച്ച മുമ്പ് അനാബിയയും പ്രിയങ്കയും തമ്മില്‍ കണ്ടുമുട്ടിയിരുന്നു. ആ കൂടിക്കാഴ്ച സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അന്ന് പ്രിയങ്കക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ അനാബിയയെ സന്തോഷിപ്പിക്കാനാണ് അവര്‍ സമ്മാനങ്ങളും ഒപ്പം സ്വന്തം കൈപ്പടയിലുള്ള കത്തും അയച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ ജയിലില്‍ കഴിയുകയാണ് അനാബിയയുടെ കുടുംബാംഗങ്ങളടക്കം നിരവധിപേര്‍. ജയിലിലായവരുടെ കുടുംബാംഗങ്ങള്‍ അസംഗഢില്‍ സമാധാനപരമായി സമരം ചെയ്യവേ പൊലീസ് ബലം പ്രയോഗിച്ച് സമരക്കാരെ ഒഴിപ്പിച്ചിരുന്നു.

ജയിലുള്ളവരെ സന്ദര്‍ശിച്ചതിന് ശേഷ പ്രിയങ്കയും കോണ്‍ഗ്രസ് പ്രതിനിധികളും സമരക്കാരെ കാണാനെത്തിയപ്പോഴായിരുന്നു ഏവരെയും വേദനയിലാഴ്ത്തിയ രംഗങ്ങള്‍ അരങ്ങേറിയത്. ബന്ധുവിനൊപ്പമെത്തിയ അനാബിയയോട് സുഖാന്വേഷണം നടത്തവേ ആറുവയസ്സുകാരി പൊട്ടിക്കരയുകയായിരുന്നു. പ്രിയങ്കാ ഗാന്ധി അവളെ സമാധാനിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

'പ്രിയപ്പെട്ട അനാബിയ, മോള്‍ക്ക് ഞാന്‍ കുറച്ച് സമ്മാനങ്ങള്‍ ഇതിനൊപ്പം അയക്കുന്നുണ്ട്. ഇഷ്ടമാവും എന്ന് കരുതുന്നു. എന്നും എന്റെ ധൈര്യശാലിയായ പെണ്‍കുട്ടിയായിത്തന്നെയിരിക്കുക. എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിക്കാം. ഒരുപാട് സ്‌നേഹം.. എന്ന് പ്രിയങ്കാ ആന്റി.'
എന്നാണ് കത്തിലുണ്ടായിരുന്നത്. സ്‌കൂള്‍ ബാഗും, ലഞ്ച് ബോക്‌സും ടെഡി ബിയറും ചോക്കലേറ്റ്‌സുമടങ്ങിയ സമ്മാനങ്ങള്‍ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ഷഹന്‍വാസ് ആലമാണ് അനാബിയയുടെ കൈകളിെലത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com