ക്രെയിന്‍ അപകടം: കമല്‍ഹാസനെയും ശങ്കറിനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2020 06:43 PM  |  

Last Updated: 21st February 2020 06:43 PM  |   A+A-   |  

 

ചെന്നൈ: ഇന്ത്യന്‍-2 സിനിമയുടെ ചിത്രീകരണത്തിനിടെ ക്രെയിന്‍ വീണ് മൂന്ന് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ നടന്‍ കമല്‍ഹാസനെയും സംവിധായകന്‍ ശങ്കറിനെയും ചോദ്യം ചെയ്യാന്‍ തമിഴ്‌നാട് പൊലീസ് വിളിപ്പിച്ചു. ഫെബ്രുവരി 19 ന് ഉണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചതിന് പുറമേ 12 പേര്‍ക്കാണ് പരിക്കേറ്റത്. മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കാതിരുന്നതിന് ലൈക്ക പ്രൊഡക്ഷന്‍സിനെതിരെയും കേസെടുത്തു.

ഭാരമേറിയ ക്രെയിന്‍ സംവിധായകനും സംഘവും ഇരുന്ന ടെന്റിന് മുകളിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. കമല്‍ഹാസനും ശങ്കറും കാജല്‍ അഗര്‍വാളുമുള്‍പ്പടെയുള്ളവര്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപെട്ടത്. അതിനിടെ, അപകടത്തില്‍ മരിച്ച സാങ്കേതിക പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം കമല്‍ഹാസന്‍ നല്‍കി. രണ്ട് കോടി രൂപ നല്‍കുമെന്ന് നിര്‍മാതാവും പ്രഖ്യാപിച്ചിട്ടുണ്ട്.

'പണം ഒന്നിനും പകരമല്ല, അവരുടെയെല്ലാം കുടുംബങ്ങള്‍ പാവപ്പെട്ടവരാണ്. ഞാനും മൂന്ന് വര്‍ഷം മുന്‍പ് അപകടത്തെ നേരിട്ടയാളാണ്. അതിജീവിക്കാനുള്ള ബുദ്ധിമുട്ട് എനിക്കറിയാം. കേവലമൊരു സിനിമാ സെറ്റിലല്ല ഈ അപകടം നടന്നത്. എന്റെ കുടുംബത്തിലാണ്. ചെറുപ്പം മുതല്‍ ഈ തൊഴിലെടുക്കുന്ന ആളാണ് ഞാന്‍. ഇനി ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ പറ്റാവുന്നതെല്ലാം ചെയ്യും'- കമല്‍ പറഞ്ഞു.

സിനിമയുടെ ചിത്രീകരണത്തിനിടെ ചെന്നൈ പൂനമല്ലിയിലെ ഇവിപി ഫിലിം സിറ്റിയില്‍ ബുധനാഴ്ച രാത്രി 9.10നാണ് അപകടമുണ്ടായത്. വെളിച്ച സംവിധാനം ഒരുക്കാനായെത്തിച്ച ക്രെയിന്‍ പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. ക്രെയിനിന് കീഴെയുണ്ടായിരുന്ന ടെന്റ് പൂര്‍ണമായി തകര്‍ന്നു. ഇതിനുള്ളില്‍ കുടുങ്ങിയാണ് സഹ സംവിധായകന്‍ കൃഷ്ണ, കലാസംവിധാന സഹായി ചന്ദ്രന്‍, നിര്‍മാണ സഹായി മധു എന്നിവര്‍ മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല. അതിനിടെ ജാഗ്രതക്കുറവ് കാരണം അപകടമുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടി ക്രെയിന്‍ ഓപറേറ്റര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.