പത്തോളം യുവതികളെ ഒരുമിച്ച് നിര്‍ത്തി നഗ്നരാക്കി, മെഡിക്കല്‍ പരിശോധന നടത്തി അപമാനിച്ചു; ഗുജറാത്തില്‍ നിന്ന് വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത

മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ വനിതാ ക്ലര്‍ക്ക് ട്രെയിനികളെ ഒരുമിച്ച് നിര്‍ത്തി നഗ്നരാക്കി മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കി എന്നാണ് പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: കോളജില്‍ ആര്‍ത്തവ പരിശോധനയ്ക്കായി പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിന്റെ അലയൊലികള്‍ കെട്ടടങ്ങും മുന്‍പ്, ഗുജറാത്തില്‍ നിന്ന് മറ്റൊരു സമാനമായ സംഭവം. മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ വനിതാ ക്ലര്‍ക്ക് ട്രെയിനികളെ ഒരുമിച്ച് നിര്‍ത്തി നഗ്നരാക്കി മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കി എന്നാണ് പരാതി. സംഭവം വിവാദമായതിന് പിന്നാലെ സൂറത്ത് മുന്‍സിപ്പല്‍ കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

സൂറത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ആശുപത്രിയിലാണ് സംഭവം. ഈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ തന്നെ വനിതാ ക്ലര്‍ക്കുമാരാണ് പരാതിയുമായി രംഗത്തെത്തിയത്. ഒരുമിച്ച് നിര്‍ത്തി നഗ്നരാക്കി മെഡിക്കല്‍ പരിശോധന നടത്തി അപമാനിച്ചു എന്ന പരാതിയുമായാണ് പത്തോളം വനിതാ ക്ലര്‍ക്കുമാര്‍ രംഗത്തുവന്നത്.

ഗവണ്‍മെന്റ് ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡിലാണ്  പരിശോധന നടത്തിയതെന്ന് മുന്‍സിപ്പല്‍ കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ യുവതികള്‍ പറയുന്നു. അവിവാഹിതരായ പെണ്‍കുട്ടികളാണ് ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട പരിശോധനയ്ക്ക് വിധേയരായതെന്ന് എസ്എംസി എംപ്ലോയീസ് യൂണിയന്‍ ആരോപിച്ചു. ഒറ്റയ്ക്ക് നിര്‍ത്തി പരിശോധന നടത്തുന്നതിന് പകരം പത്തുപേര്‍ അടങ്ങുന്ന ബാച്ചായി നിര്‍ത്തി പരിശോധന നടത്തിയതില്‍ പ്രതിഷേധം ശക്തമാണ്. സ്വകാര്യത കണക്കിലെടുക്കാതെ മറ്റുളളവരുടെ മുന്‍പില്‍ നഗ്നരാക്കി നിര്‍ത്തി അപമാനിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

സൂറത്ത് മുന്‍സിപ്പല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ റിസര്‍ച്ച് ആശുപത്രിക്കെതിരെയാണ് ആരോപണമുയര്‍ന്നത്. അന്വേഷണത്തിനായി മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. ജോലിയില്‍ കയറുന്നതിന് മുമ്പ് ശാരീരിക ക്ഷമത പരിശോധനയില്‍ വിജയിക്കണമെന്നാണ് ചട്ടമെന്ന് അധികൃതര്‍ പറഞ്ഞു. മൂന്ന് വര്‍ഷ പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ ക്ലര്‍ക്കുമാരെയാണ് പരിശോധിച്ചത്. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സൂറത്ത് മേയര്‍ ജഗദീഷ് പട്ടേല്‍ ഉറപ്പുനല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com