പാകിസ്ഥാൻ സിന്ദാബാദ് വിളിച്ച യുവതിയുടെ വീട് അടിച്ചു തകർത്തു ; അമൂല്യക്കെതിരെ രാജ്യദ്രോഹക്കുറ്റം, സംഘാടകർക്ക് നോട്ടീസ്

പൗരത്വ നിയമത്തിനെതിരെ ഒവൈസി പങ്കെടുത്ത പരിപാടിയിലാണ് യുവതി പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചത്
പാകിസ്ഥാൻ സിന്ദാബാദ് വിളിച്ച യുവതിയുടെ വീട് അടിച്ചു തകർത്തു ; അമൂല്യക്കെതിരെ രാജ്യദ്രോഹക്കുറ്റം, സംഘാടകർക്ക് നോട്ടീസ്

ബംഗളൂരു: പൗരത്വനിയമത്തിനെതിരെ ബംഗളുരൂവില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയ യുവതിയുടെ വീട് അക്രമികൾ അടിച്ചുതകർത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് അമൂല്യ ലിയോണ എന്ന യുവതിയുടെ വീടുകൾ തകർത്തത്. വീടിന്റെ ജനൽ ചില്ലുകളെല്ലാം പൊട്ടിത്തകർന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

പൗരത്വ നിയമത്തിനെതിരെ കഴിഞ്ഞദിവസം എഐഎംഐഎം നേതാവ് ആസദുദ്ദീന്‍ ഒവൈസി പങ്കെടുത്ത പരിപാടിയിലാണ് യുവതി പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത അമൂല്യ ലിയോണക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. പരിപാടിയുടെ സംഘാടകർക്ക് പൊലീസ് നോട്ടീസ് അയച്ചു. ഇവരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

പരിപാടിക്കിടെ വേദിയിലെത്തിയ യുവതി മൈക്ക് കൈയിലെടുത്ത് പൊടുന്നനെ പാകിസ്ഥാന്‍ സിന്ദാബാദ് വിളിക്കുകയായിരുന്നു. പിന്നീട് ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്നും പാകിസ്ഥാന്‍ സിന്ദാബാദ് എന്നും ഇവര്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടേയിരുന്നു. യുവതിയുടെ അപ്രതീക്ഷിത പെരുമാറ്റത്തില്‍  സദസിലും വേദിയിലുണ്ടായിരുന്ന നേതാക്കളും ഞെട്ടിത്തരിച്ചെങ്കിലും പെട്ടെന്ന് തന്നെ ഒവൈസി യുവതിയുടെ അരികിലേക്ക് ഓടിയെത്തി മൈക്ക് പിടിച്ചു വാങ്ങാനും യുവതിയെ തടയാനും ശ്രമിച്ചു.

ഒവൈസിക്ക് പിന്നാലെ പ്രവര്‍ത്തകരും നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും വേദിയിലെത്തി യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വീണ്ടും പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച് വേദിയില്‍ തുടര്‍ന്നു. ഒടുവില്‍ പൊലീസ് ബലം പ്രയോഗിച്ച് ഇവരെ വേദിയില്‍ നിന്നും മാറ്റുകയിരുന്നു. യുവതിയുടെ  പെരുമാറ്റത്തെ ആസദുദ്ദീന്‍ ഒവൈസി വിമർശിച്ചു. ആ കുട്ടിക്ക് രാജ്യത്തോട് ഒരു സ്നേഹവുമില്ല. ഇത്തരം പെരുമാറ്റം അം​ഗീകരിക്കാനാവില്ല. ഇത്തരം നടപടികളെ അപലപിക്കുന്നതായും ഒവൈസി പറഞ്ഞു.

പാകിസ്ഥാൻ അനുകൂല മുദ്യാവാക്യം മുഴക്കിയ  അമൂല്യ ലിയോണ എന്ന യുവതിയുമായി തനിക്കോ തന്റെ പാര്‍ട്ടിക്കോ യാതൊരു ബന്ധവുമില്ല.  അവസാന ശ്വാസം വരെ ഭാരത് മാതാ കീ ജയ് മാത്രമാണ് തന്റെ മുദ്രാവാക്യമെന്നും ഒവൈസി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com