ഒരേ ഗോത്രത്തില്‍ നിന്നും വിവാഹം കഴിച്ചതിന് 25കാരിയെ കഴുത്തുഞെരിച്ച് കൊന്നു, മൃതദേഹവുമായി സഞ്ചരിച്ചത് 80 കിലോമീറ്റര്‍; മാതാപിതാക്കളും ബന്ധുക്കളും പിടിയില്‍

ഒരേ ഗോത്രത്തില്‍പ്പെട്ട അങ്കിത് ഭട്ടി എന്ന പുരുഷസുഹൃത്തിനെ വിവാഹം ചെയ്തതാണ് ശീതളിന്റെ കുടുംബത്തെ പ്രകോപിപ്പിച്ചത്
ഒരേ ഗോത്രത്തില്‍ നിന്നും വിവാഹം കഴിച്ചതിന് 25കാരിയെ കഴുത്തുഞെരിച്ച് കൊന്നു, മൃതദേഹവുമായി സഞ്ചരിച്ചത് 80 കിലോമീറ്റര്‍; മാതാപിതാക്കളും ബന്ധുക്കളും പിടിയില്‍

ന്യൂഡല്‍ഹി : ഒരേ ഗോത്രത്തില്‍നിന്ന് രഹസ്യമായി വിവാഹം ചെയ്തതിന് യുവതിയെ മാതാപിതാക്കള്‍ കൊന്ന് കനാലില്‍ തള്ളി. കിഴക്കന്‍ ഡല്‍ഹി സ്വദേശിയായ ശീതള്‍ ചൗധരി (25)യാണ് കൊല്ലപ്പെട്ടത്. ഒരേ ഗോത്രത്തില്‍പ്പെട്ട അങ്കിത് ഭട്ടി എന്ന പുരുഷസുഹൃത്തിനെ വിവാഹം ചെയ്തതാണ് ശീതളിന്റെ കുടുംബത്തെ പ്രകോപിപ്പിച്ചത്. യുവതിയെ കൊലപ്പെടുത്തിയശേഷം 80 കിലോമീറ്റര്‍ അകലെ അലിഗഡില്‍ ഒരു കനാലില്‍ തള്ളുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ ശീതളിന്റെ മാതാപിതാക്കളുള്‍പ്പെടെ ആറംഗ കുടുംബത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 29നാണ് കൊലപാതകം നടന്നത്. കൊലപാതക വിവരം ദിവസങ്ങളോളം കുടുംബം രഹസ്യമാക്കിവച്ചു. ശീതളിനെക്കുറിച്ചു യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് അങ്കിത് ഫെബ്രുവരി 18ന് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കൊലപ്പെടുത്തിയ വിവരം പുറത്തറിയുന്നത്. 21 ന് (വെള്ളിയാഴ്ച) ശീതളിന്റെ മാതാപിതാക്കളായ രവിന്ദര്‍ ചൗധരി, സുമന്‍, ബന്ധുക്കളായ സഞ്ജയ്, ഓം പ്രകാശ്, പര്‍വേശ്, അങ്കിത് എന്നിവരെ ന്യൂ അശോക് നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ചോദ്യം ചെയ്യലില്‍ ശീതളിനെ കഴുത്തുഞെരിച്ചു കൊന്നതാണെന്ന് പ്രതികള്‍ സമ്മതിച്ചു. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ശീതളിന്റെ ബന്ധുക്കള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്.  കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലില്‍ അടച്ചു. ജനുവരി 30ന് ശീതളിന്റെ മൃതദേഹവും ഉപയോഗിച്ചിരുന്ന വസ്തുക്കളും യുപി പൊലീസിനു കനാലില്‍നിന്നു ലഭിച്ചിരുന്നു. എന്നാല്‍ ആളെ തിരിച്ചറിയാനാകാത്തതിനാല്‍ മൃതദേഹം സംസ്‌കരിച്ചിരുന്നു. 2019 ഒക്ടോബറിലാണ് ശീതളും അങ്കിത് ഭട്ടിയും രഹസ്യമായി വിവാഹം ചെയ്തത്. വിവാഹത്തിനുശേഷം ഇരുവരും വെവ്വേറെ താമസിച്ചു വരികയായിരുന്നു. 2020 ജനുവരിയില്‍ വിവാഹക്കാര്യം ശീതള്‍ കുടുംബത്തെ അറിയിച്ചതോടെയാണു പ്രശ്‌നം വഷളായത്.

ജനുവരി 29ന് രാത്രി കൊലപാതകത്തിനു ശേഷം അന്നുതന്നെ മൃതദേഹം കാറില്‍ കയറ്റി അലിഗഡിലേക്കു കൊണ്ടുപോയതായി പ്രതികള്‍ പൊലീസിനോട് പറഞ്ഞു.. രണ്ടു കാറുകളിലായാണ് ബന്ധുക്കള്‍ സഞ്ചരിച്ചത്. ഡല്‍ഹിയില്‍നിന്ന് 80 കിലോമീറ്ററിലധികം ദൂരത്താണ് കനാലില്‍ മൃതദേഹം ഉപേക്ഷിച്ചത്. അന്നു രാത്രി തന്നെ കുടുംബം ഡല്‍ഹിയിലേക്കു തിരിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ് യാത്രയ്ക്കിടെ ബന്ധുക്കള്‍ പരസ്പരം ഫോണ്‍ ചെയ്തതിന്റെ  വിവരങ്ങള്‍ പൊലീസിന് അന്വേഷണത്തില്‍ ലഭിച്ചു. ആദ്യം വ്യത്യസ്തമായ മൊഴികളായിരുന്നു ബന്ധുക്കള്‍ പൊലീസിനു നല്‍കിയത്. എന്നാല്‍ വിശദമായി ചോദ്യം ചെയ്തതോടെ പ്രതികള്‍ കുറ്റം സമ്മതിച്ചു. പ്രതികളെ മൃതദേഹം ഉപേക്ഷിച്ചെന്നു പറഞ്ഞ സ്ഥലത്ത് എത്തിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

തുടര്‍ന്ന് യുപി പൊലീസുമായി ബന്ധപ്പെട്ടപ്പോഴാണ് ജനുവരി 30ന് അതേ സ്ഥലത്തുനിന്ന് യുവതിയുടെ മൃതദേഹം ലഭിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചത്. ഫെബ്രുവരി രണ്ടു വരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചെങ്കിലും അവകാശികള്‍ ആരും എത്താതിരുന്നതോടെ സംസ്‌കരിക്കുകയായിരുന്നു. ധരിച്ചിരുന്ന വസ്ത്രം, മൃതദേഹത്തിന്റെ ചിത്രങ്ങള്‍ എന്നിവ പരിശോധിച്ചശേഷം ശീതളിന്റെ ഭര്‍ത്താവ് അങ്കിത് ഭട്ടിയാണ് മൃതദേഹം ശീതളിന്റേതു തന്നെയെന്നു തിരിച്ചറിഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com