കഴുതകളെ മോഷ്ടിച്ചു എന്ന് ആരോപിച്ച് യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം, 16 അംഗ സംഘത്തിന് എതിരെ കേസ്; രാജസ്ഥാനില്‍ ദലിതര്‍ക്കെതിരെ ആക്രമണങ്ങള്‍ തുടരുന്നു

ദലിതര്‍ക്ക് നേരെയുളള ആക്രമണവുമായി ബന്ധപ്പെട്ട് മറ്റൊരു വാര്‍ത്ത കൂടി രാജസ്ഥാനില്‍ നിന്ന് പുറത്തുവരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പൂര്‍: ദലിതര്‍ക്ക് നേരെയുളള ആക്രമണവുമായി ബന്ധപ്പെട്ട് മറ്റൊരു വാര്‍ത്ത കൂടി രാജസ്ഥാനില്‍ നിന്ന് പുറത്തുവരുന്നു. കഴുതകളെ മോഷ്ടിച്ചു എന്ന് ആരോപിച്ച് മൂന്ന് ദലിത് യുവാക്കളെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായുളള വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്യുകയും മറ്റൊരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

ബാര്‍മറിലും നഗൗറിലും ദലിതര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ രാജസ്ഥാന്‍ സര്‍ക്കാരിനെതിരെയുളള വിമര്‍ശനങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് മറ്റൊരു സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. സംഭവം വിവാദമായതിന് പിന്നാലെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 16 പേര്‍ ചേര്‍ന്ന് മൂന്ന് ദലിത് യുവാക്കളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മറ്റു പ്രതികളെ കണ്ടുപിടിക്കുന്നതിനുളള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

ഫെബ്രുവരി 15നാണ് സംഭവം നടന്നത്. അഞ്ചു കഴുതകളെ മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് യുവാക്കളെ മര്‍ദ്ദിച്ചത്. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാക്കളെ പിടികൂടി ഗ്രാമവാസികള്‍ പൊലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഗ്രാമവാസികള്‍ യുവാക്കള്‍ക്കെതിരെ രേഖാമൂലം പരാതി നല്‍കിയിട്ടില്ല. എന്നാല്‍ സമാധാനത്തിന് ഭംഗം വരുത്തി എന്ന് കാണിച്ച് പൊലീസ് സ്വമേധയാ ഈ യുവാക്കള്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ ഗ്രാമവാസികള്‍ തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച കാര്യം യുവാക്കള്‍ വെളിപ്പെടുത്തിയില്ല എന്ന് പൊലീസ് പറയുന്നു.

ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ, കണ്ടാല്‍ അറിയാവുന്ന 16 പേര്‍ക്ക്  എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് മോട്ടോര്‍സൈക്കിള്‍ സര്‍വീസ് സെന്ററില്‍ നിന്ന് പണം മോഷ്ടിച്ചു എന്ന്് ആരോപിച്ച് യുവാവിന്റെ മലദ്വാരത്തില്‍ സ്‌ക്രൂ ഡ്രൈവര്‍ അടിച്ചു കയറ്റിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com